ടെൽ അവീവ്: ഇസ്രയേൽ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവും മുൻ പ്രധാനമന്...
ടെൽ അവീവ്: ഇസ്രയേൽ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവും മുൻ പ്രധാനമന്ത്രിയും രാഷ്ട്രീയ എതിരാളിയുമായ നഫ്താലി ബെന്നറ്റും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ സദസ്സിലിരുന്നായിരുന്നു ഇരുവർക്കുമിടയിൽ കടുത്ത വാക്പോര് നടന്നത്.
സദസ്സിന്റെ മുൻനിരയിൽ ഇരിക്കുകയായിരുന്ന സാറ നെതന്യാഹുവും നഫ്താലി ബെന്നറ്റും തമ്മിൽ ഏതാനും മിനിറ്റുകളോളം പരസ്യമായി തർക്കത്തിലേർപ്പെടുന്നത് വിഡിയോയിൽ വ്യക്തമാണ്. നെതന്യാഹുവിന്റെ പ്രസംഗം തുടരുന്നതിനിടയിൽ ഇരുവരും പരസ്പരം വിരൽ ചൂണ്ടിക്കൊണ്ട് ദേഷ്യത്തോടെ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രസംഗം തടസ്സപ്പെടാതിരിക്കാൻ സമീപത്തുണ്ടായിരുന്നവർ ഇവരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും തർക്കം തുടരുകയായിരുന്നു.
ഇസ്രയേലിലെ പ്രമുഖ മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വിഡിയോ പുറത്തുവിട്ടതോടെ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഔദ്യോഗിക ചടങ്ങുകളിലും രാഷ്ട്രീയ വേദികളിലും സാറ നെതന്യാഹുവിന്റെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് മുൻപും ആക്ഷേപങ്ങൾ ഉയർന്നിട്ടുള്ള പശ്ചാത്തലത്തിൽ, പുതിയ വിഡിയോ പ്രതിപക്ഷ പാർട്ടികൾ നെതന്യാഹുവിനെതിരെയുള്ള ആയുധമാക്കുകയാണ്.
രാജ്യതാൽപര്യം മുൻനിർത്തി ഐക്യത്തിനായി ആഹ്വാനം ചെയ്തുകൊണ്ടു നെതന്യാഹു സംസാരിക്കുമ്പോഴാണ് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇടപെട്ടത്. ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ അന്വേഷണത്തെ കുറിച്ചും സർക്കാരിനു എതിരെയുള്ള ആരോപണങ്ങളെ കുറിച്ചും മറുപടി പറയണമെന്നാണ് ബെന്നറ്റ് ഇസ്രയേൽ പ്രധാനമന്ത്രിയോടു ആവശ്യപ്പെട്ടത്. പ്രസംഗിച്ചുകൊണ്ടിരുന്ന നെതന്യാഹുവിന്റെ ശ്രദ്ധ ആകർഷിക്കാൻ തക്ക ഉച്ചത്തിലായിരുന്നു ബെന്നറ്റിന്റെ ചോദ്യങ്ങൾ. തുടർന്ന് നെതന്യാഹു ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കുകയും ചെയ്തു. ഇതോടെ സാറ ബെന്നറ്റിനോട് കോപത്തോടെ സംസാരിക്കുകയായിരുന്നു. സംഭവത്തോട് പ്രധാനമന്ത്രിയുടെ ഓഫീസോ നഫ്താലി ബെന്നറ്റോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Key words : Controversy, Israel Politics, Benjamin Netanyahu

COMMENTS