കൊച്ചി: മെട്രോ രണ്ടാംഘട്ട പാതയുടെ വയഡക്ടുകള്‍ 70 ശതമാനം പൂര്‍ത്തിയായി. വയഡക്ടുകളില് ട്രാക്ക് നിര്‍മ്മാണത്തിനുള്ള റെയിലുകള്‍ കൂട്ടിയോജിപ്പി...
കൊച്ചി: മെട്രോ രണ്ടാംഘട്ട പാതയുടെ വയഡക്ടുകള്‍ 70 ശതമാനം പൂര്‍ത്തിയായി. വയഡക്ടുകളില് ട്രാക്ക് നിര്‍മ്മാണത്തിനുള്ള റെയിലുകള്‍ കൂട്ടിയോജിപ്പിക്കല്‍ അടുത്ത ആഴ്ച്ച ആരംഭിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) മാനേജിംഗ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. റെയിലുകള്‍ കൂട്ടിയോജിപ്പിക്കുന്നിതിനായുള്ള മെഷിനുകള്‍ കൊച്ചിയില്‍ എത്തിച്ചു ടെസ്റ്റ് വെല്‍ഡിംഗ് കഴിഞ്ഞു. ഇതിന്റെ സാംപിള്‍ പരിശോധനയ്ക്കായി ആരക്കോണം സതേണ്‍ റെയില്‍വേ ലബോറട്ടറിയിലേക്ക് അയക്കും. പരിശോധനാഫലം അനുകൂലമാണെങ്കില്‍ അടുത്ത ആഴ്ച്ച റെയില്‍ കൂട്ടിച്ചേർക്കൽ ആരംഭിക്കാന്‍ കഴിയും.
നിലവില്‍ നിര്‍മ്മാണം നടക്കുന്ന രണ്ടാംഘട്ട പാതയുടെ ഇരുദിശകളിലേക്കും(രണ്ടു ലൈന്‍) 13 കിലോമീറ്റര്‍ ട്രാക്കിനുള്ള വയഡക്ട് പൂര്‍ത്തിയായിട്ടുണ്ട്. ബാലസ്റ്റ് ലെസ്സ് ട്രാക്കിന് ആവശ്യമായ 44 കിലോമീറ്റര്‍(2,700 മെട്രിക് ടണ്‍) റെയിലുകള്‍ നേരത്തെ എത്തിച്ചിരുന്നു. 18 മീറ്റര്‍ നീളത്തിലുള്ള റെയിലുകളാണു കൂട്ടിയോജിപ്പിക്കേണ്ടത്. രണ്ടാംഘട്ട പാതയ്ക്കായി ആകെ 2444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്.
കലൂര്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി സ്മാര്‍ട് സിറ്റി വരെ ഇതുവരെ 954 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. വയഡക്ടുകള്‍ക്ക് ഒപ്പം സ്റ്റേഷനുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. ചിറ്റേത്തുക്കര സ്റ്റേഷന്റെ ഇരുവശവും, കിന്‍ഫ്ര പാര്‍ക്ക് സ്റ്റേഷന്റെ ഇടതുവശം, വാഴക്കാല സ്റ്റേഷന്റെ വലതുവശം എന്നിവയുടെ സ്ട്രക്ച്ചറല്‍ ജോലികള്‍ കഴിഞ്ഞു. മറ്റു സ്റ്റേഷനുകളിലേയും പുരോഗമിക്കുന്നു. സിഗ്നലിംഗ്, ടെലികോം, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍(എ.എഫ്.സി) തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. കടമക്കുടി നിര്‍മ്മാണം പൂര്‍ത്തിയാക്കി കോണ്ട്രാക്ടര് കൈമാറി. പാലിയംതുരുത്ത് ടെര്‍മിനല്‍ ഈ മാസം കൈമാറും. ഈ ടെര്‍മിനലുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. എറണാകുളം സുഭാഷ് പാര്‍ക്കിനു സമീപം നിര്‍മ്മാണം ആരംഭിച്ച പുതിയ വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെ പൈലിങ് ജോലികളും പുരോഗമിക്കുന്നു. ഇടക്കൊച്ചി, വരാപ്പുഴ ടെര്‍മിനലുകള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍, 15 പുതിയ ബോട്ടുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചതിന്റെ ബിഡ് തുറന്നു, മൂല്യനിര്‍ണ്ണയം പുരോഗമിക്കുന്നു. ഷിപ്പ് യാര്‍ഡില്‍ നിന്നു ലഭിക്കുവാനുള്ള 3 ബോട്ടുകളില്‍ ഒന്ന് വരുന്ന ഓഗസ്റ്റില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ബാക്കി രണ്ടെണ്ണം 2028 ജൂലൈയില്‍ ലഭിക്കും.
വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ സ്ഥാപിക്കുന്നതിനുള്ള 15 ഫ്ളോട്ടിംഗ് പോണ്ടൂണുകളുടെയും കാസ്റ്റിംഗ് പൂര്‍ത്തിയായി, അതില്‍ രണ്ടെണ്ണം സ്ഥാപിച്ചു. സൗത്ത് ചിറ്റൂരിലെ രണ്ടാമത്തെ പോണ്ടൂണ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ക്കു ശേഷം ബാക്കിയുള്ള പോണ്ടൂണുകള്‍ സ്ഥാപിക്കും.
കൊച്ചി വാട്ടര്‍ മെട്രോയുടെ നേതൃത്വത്തില്‍ മുംബൈ വാട്ടര്‍ മെട്രോയ്ക്കായുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗോവ വാട്ടര്‍ മെട്രോയ്ക്കായുള്ള ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ത്രിപുര ടൂറിസം വികസനത്തിനായി ഫ്ളോട്ടിംഗ് റസ്റ്ററന്റ് നിര്‍മ്മിക്കുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചു. തുടര്‍നടപടികള്‍ ആരംഭിച്ചു. വിജയവാഡയില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ നേതൃത്വത്തില്‍ സാധ്യത പഠനം നടത്തുന്നതിന് എസ്റ്റിമേറ്റ് ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (IWAI) സമര്‍പ്പിച്ചു.
ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന് മെട്രോ റെയില്‍ മാതൃകയില്‍ വാട്ടര്‍ മെട്രോ ടെര്‍മിനലുകളിലും സെമി നെയിമിംഗ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 23 ലക്ഷം രൂപ കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനല്‍ സെമി നെയിമിംഗിന് നല്‍കിയതിലൂടെ ലഭിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കാണ് സെമി നെയിമിംഗ് എടുത്തിരിക്കുന്നത്. മറ്റ് ടെര്‍മിനലുകളിലും സെമി നെയിമിംഗ് നടപ്പിലാക്കി വരുമാനം കണ്ടെത്തും. വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 2026 നവംബര്‍ 10 വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 80.66 ലക്ഷം പേര് യാത്ര ചെയ്തു. നിലവില്‍ ഒരു ദിവസം 224 ട്രിപ്പുകള്‍ വരെ സര്‍വീസ് നടത്താന്‍ വാട്ടര്‍ മെട്രോയ്ക്കു കഴിയുന്നുണ്ട്. ലാസ്റ്റ്മൈല്‍ കണക്ടിവിറ്റി സര്‍വീസ് നടത്തുന്ന ഫീഡര്‍ ബസുകളില്‍ നിന്ന് ഒക്ടോബറില്‍ 45.50 ലക്ഷം രൂപ വരുമാനം ലഭിച്ചു.
കലൂരിലെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍മാരായ ഡോ.എം.പി.രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്), വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Key Words : Metro

COMMENTS