അസദാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പത്ത് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 110-ഓളം പേർക...
അസദാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പത്ത് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 110-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യാ തലസ്ഥാനമായ അസദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അന്ദർ സെർ മേഖലയിലെ പ്രൈമറി-മിഡിൽ സ്കൂളിന് തൊട്ടടുത്താണ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അപകടമുണ്ടായത്.
സ്കൂളിനോട് ചേർന്നുള്ള ഒരു സംഭരണശാലയിൽ ഖനന കമ്പനികൾക്കായി സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്. സംഭരണശാലയിലെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കുനാർ സാംസ്കാരിക-വാർത്താ വിഭാഗം ഡയറക്ടർ സമി ഉൽ ഹഖ് ബയാൻ അറിയിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു വീണു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻതന്നെ അസദാബാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പതിനഞ്ചോളം കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രവിശ്യാ അധികൃതർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയ്ക്കും സ്കൂളിനും സമീപം സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാൻ അനുമതി നൽകിയതിനെതിരെ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Key Words : Explosion, Afghanistan

COMMENTS