തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരപ്പന്തൽ കെട്ടി ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി പ്രവർത്...
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരപ്പന്തൽ കെട്ടി ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി പ്രവർത്തകരായ 50 പേർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു.
സെക്രട്ടേറിയറ്റിന് മുന്നിൽ അന്യായമായി സംഘം ചേർന്നെന്നും സമരപ്പന്തൽ സ്ഥാപിച്ച് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നുമാണ് എഫ്ഐആറിലെ പ്രധാന ആരോപണങ്ങൾ. സമരവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഡിവൈഎഫ്ഐ നേതാക്കളായ വി. മനു, പി. സുധീർ, വിഷ്ണു, അനൂപ്, ലിജു, ശ്യാമ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന യുവമോർച്ച, ബിജെപി പ്രവർത്തകരെയും പ്രതിചേർത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സർക്കാർ നിയമന നടപടികൾ വേഗത്തിലാക്കണമെന്നും എൽപി സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നടത്തുന്ന സമരം 130 ദിവസം പിന്നിട്ടിരിക്കുകയാണ്.
ഇതിനിടെ ബുധനാഴ്ച രാത്രി സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ പോലീസ് ബലമായി പൊളിച്ചുനീക്കുകയും നിരാഹാരസമരം നടത്തിയിരുന്ന സമരനേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ സമരത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരും രംഗത്തെത്തി.
സമരപ്പന്തൽ നീക്കിയതുകൊണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ഡിവൈഎഫ്ഐയും യുവമോർച്ചയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words : LPST Protest, Secretariat, Case , DYFI leaders

COMMENTS