ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർണായകമായ മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് ...
ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർണായകമായ മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ലോക്സഭയിലെ ആകെ അംഗസംഖ്യ നിലവിലുള്ള 543-ൽ നിന്ന് 815 ആയും (പരമാവധി 850 വരെ) ഉയരും.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുമ്പോൾ സീറ്റുകൾ കുറയുമെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള സുപ്രധാന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. 1971-ലെ സെൻസസ് അടിസ്ഥാനമാക്കി നിലവിലുള്ള ഓരോ സംസ്ഥാനത്തിന്റെയും സീറ്റ് അനുപാതം 2051 വരെ മാറ്റമില്ലാതെ തുടരാനാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി 50 ശതമാനം സീറ്റുകൾ വർധിക്കുന്നതോടെ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയരും.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാണ്. കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച സമാനമായ ബിൽ ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. തുടർന്ന് പ്രതിപക്ഷത്തിന്റെ കൂടി നിർദേശങ്ങൾ പരിഗണിച്ച് ഭേദഗതികളോടെയാണ് പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നത്.
നവംബർ 30-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
Key Words : Lok Sabha ,Union Cabinet, Delimitation bill

COMMENTS