ന്യൂഡൽഹി : മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള പ്രതിപക്ഷ എം പിമാരോട് അടിയന്തരമായി ത...
ന്യൂഡൽഹി : മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള പ്രതിപക്ഷ എം പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ഇന്ത്യാ സഖ്യം നിർദേശം നൽകി. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മുഴുവൻ എം പിമാരും ഡൽഹിയിലെത്തണമെന്നാണ് നിർദേശം.
അതേസമയം, ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ കണ്ണൂർ എംപി കെ സുധാകരൻ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കായി കുടുംബത്തോടൊപ്പം പുറപ്പെട്ട കെ സുധാകരൻ നിലവിൽ യു എ ഇയിലാണ്. സുധാകരനുമായി ബന്ധപ്പെടാൻ കോൺഗ്രസ് ഉന്നത നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ഡി എം കെ മുന്നോട്ടുവച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചത് ഇന്ത്യാ സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാട് പുനഃപരിശോധിക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ ആവശ്യം ഡി എം കെ തള്ളിയതായാണ് സൂചന. ശരദ് പവാർ വിഭാഗവും ബില്ലിനെ പിന്തുണച്ചേക്കും.
നവംബർ 30ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്. ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്താനും 15 വർഷത്തേക്ക് വനിതാ സംവരണം നടപ്പാക്കാനുമാണ് നീക്കം. സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഭരണഘടനാ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുഴുവൻ പ്രതിപക്ഷ എം പിമാരുടെയും സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യം.
Key Words : INDIA Bloc, K Sudhakaran

COMMENTS