വാഷിംഗ്ടൺ: അമേരിക്കൻ ടെക് ഭീമനായ ഐബിഎം (IBM) തങ്ങളുടെ ഏറ്റവും വലിയ വിഭാഗമായ 'ഐബിഎം കൺസൾട്ടിങ്ങിലെ' ഭൂരിഭാഗം തസ്തികകൾക്കുമുള്ള എച്ച്-...
വാഷിംഗ്ടൺ: അമേരിക്കൻ ടെക് ഭീമനായ ഐബിഎം (IBM) തങ്ങളുടെ ഏറ്റവും വലിയ വിഭാഗമായ 'ഐബിഎം കൺസൾട്ടിങ്ങിലെ' ഭൂരിഭാഗം തസ്തികകൾക്കുമുള്ള എച്ച്-1ബി (H-1B) വീസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു. യുഎസിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നതാണ് കമ്പനിയുടെ ഈ പുതിയ നീക്കം.
വീസ സ്പോൺസർഷിപ്പിനെ ആശ്രയിച്ച് അമേരിക്കയിൽ തുടരുന്ന ജീവനക്കാർക്ക് മുന്നിൽ രണ്ട് ഉപാധികളാണ് ഐബിഎം മുന്നോട്ടുവച്ചിരിക്കുന്നത്. ഒന്നുകിൽ അമേരിക്ക വിട്ട് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ഐബിഎം ഓഫീസുകളിലേക്ക് മാറി ജോലിയിൽ തുടരുക, അല്ലെങ്കിൽ കമ്പനിയിൽ നിന്ന് രാജിവയ്ക്കുക. തീരുമാനമെടുക്കാൻ ജീവനക്കാർക്ക് മൂന്നാഴ്ചത്തെ സമയമാണ് നൽകിയിട്ടുള്ളത്. സ്ഥലംമാറ്റത്തിന് തയ്യാറാകാത്തവർക്ക് മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി (Severance pay) നൽകുമെന്നും ഡിസംബർ 31 ഇവരുടെ അവസാന പ്രവൃത്തിദിനമായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമേരിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്ന ജീവനക്കാർക്ക് നിലവിലുള്ള ശമ്പളത്തിൽ 80 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ഐബിഎം കരിയർ പോർട്ടലിൽ യുഎസിന് പുറത്തുള്ള ഒഴിവുകളിൽ ഭൂരിഭാഗവും (1,278 ഒഴിവുകളിൽ 1,125 എണ്ണവും) ഇന്ത്യയിലാണുള്ളത്.
ആഗോളതലത്തിൽ ഒന്നര ലക്ഷത്തിലധികം ജീവനക്കാരുള്ള വിഭാഗമാണ് ഐബിഎം കൺസൾട്ടിങ്. ഐബിഎമ്മിന്റെ എച്ച്-1ബി വീസകളിൽ മുക്കാൽ ഭാഗത്തോളം ഇന്ത്യക്കാരുടേതായതിനാൽ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ ജീവനക്കാരെയാണ്. ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി വീസക്കാർക്ക് അമേരിക്കയിൽ തുടരണമെങ്കിൽ 60 ദിവസത്തിനുള്ളിൽ പുതിയ സ്പോൺസറെ കണ്ടെത്തേണ്ടതുണ്ട്.
അമേരിക്കയിൽ ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്ന പശ്ചാത്തലത്തിലാണ് ഐബിഎമ്മിന്റെ ഈ തീരുമാനം. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതയിലും ക്ലയന്റുകളുടെ ആവശ്യങ്ങളിലും വന്ന മാറ്റമാണ് ഇതിന് പിന്നിലെന്നും, കഴിഞ്ഞ ഏതാനും വർഷങ്ങളായി യുഎസ് വീസ പ്രോഗ്രാമുകളിലുള്ള പങ്കാളിത്തം കുറഞ്ഞുവരികയായിരുന്നുവെന്നും ഐബിഎം വക്താവ് പ്രതികരിച്ചു.
Key Words : IBM, US

COMMENTS