റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെ...
റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെടുത്താൻ സാധിച്ചതായി ഹൂതി സൈനിക വക്താവ് യഹ്യ സരിയ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ ഹൂതികളുടെ ഈ പുതിയ അവകാശവാദം സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതായോ സർവീസുകൾ തടസ്സപ്പെട്ടതായോ ഉള്ള വാർത്തകൾ സൗദി അധികൃതർ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ ഡ്രോണും മദീന മേഖലയ്ക്ക് നേരെ വന്ന ബാലിസ്റ്റിക് മിസൈലും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. യെമനിൽ ആഭ്യന്തര യുദ്ധം വീണ്ടും ശക്തമായ പശ്ചാത്തലത്തിൽ, സൗദിയിലെ വിമാനത്താവളങ്ങളും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണ ശ്രമങ്ങൾ സമീപകാലത്തായി വർദ്ധിച്ചിട്ടുണ്ട്.
Key Words : Houthi, Dammam Airport, Saudi Arabia

COMMENTS