വാഷിംഗ്ടൺ / മോസ്കോ: ആഗോള രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ...
വാഷിംഗ്ടൺ / മോസ്കോ: ആഗോള രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ അടുത്തയാഴ്ച ചരിത്രപരമായ കൂടിക്കാഴ്ച നടത്തും. നവംബർ 19-ന് ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിക്കിടെയാണ് ലോകത്തെ ഏറ്റവും വലിയ മൂന്ന് ആണവ ശക്തികളുടെ തലവന്മാർ ഒരേ മേശയ്ക്ക് ചുറ്റും എത്തുന്നത്. ചരിത്രപ്രാധാന്യമുള്ള ത്രികക്ഷി ചർച്ചയാണിതെന്ന് വൈറ്റ് ഹൗസും ക്രെംലിനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആഗോളതലത്തിൽ ആണവായുധങ്ങൾ കുറയ്ക്കുക, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾ തേടുക എന്നിവയായിരിക്കും ചർച്ചയിലെ പ്രധാന അജണ്ടകൾ. എന്നാൽ, യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ഈ ത്രികക്ഷി യോഗത്തിൽ ചർച്ച ചെയ്യാൻ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ത്രികക്ഷി ചർച്ചയ്ക്ക് പുറമെ, വ്യാഴാഴ്ച ട്രംപും ഷി ജിൻപിങ്ങും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ചയും നടക്കും. ട്രംപിനൊപ്പം പ്രമുഖ വ്യവസായി ഇലോൺ മസ്കും ചൈനയിലേക്ക് പോകുന്നുണ്ടെങ്കിലും അദ്ദേഹം ത്രികക്ഷി യോഗത്തിൽ പങ്കെടുക്കില്ല.
ഈ കൂടിക്കാഴ്ചയിലൂടെ ഉടനടി കരാറുകളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും, ഭാവിയിലേക്കുള്ള ഒരു പ്രാരംഭ ചർച്ചയായി മാത്രമാണ് ഇതിനെ കാണുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 1945-ലെ യാൾട്ട സമ്മേളനത്തിന് സമാനമായ ഒരു ആഗോള ശക്തിസംഗമമായാണ് പല നിരീക്ഷകരും ഇതിനെ വിലയിരുത്തുന്നത്. എന്നാൽ, ഷെൻഷെനിൽ എടുക്കുന്ന തീരുമാനങ്ങൾ മറ്റ് രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്നും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ചർച്ചയാണിതെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. അതേസമയം, തങ്ങളുടെ അസാന്നിധ്യത്തിൽ യുക്രെയ്നിന്റെ ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമോ എന്ന ആശങ്ക യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രകടിപ്പിച്ചു.
Key Words : Donald Trump, Vladimir Putin, Xi Jinping

COMMENTS