കൊച്ചി : മുൻ ഗവർണറും മുതിർന്ന അഭിഭാഷകനുമായ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് സ്വമേധയാ വിശിഷ്ട സീനിയർ പദവി നൽ...
കൊച്ചി : മുൻ ഗവർണറും മുതിർന്ന അഭിഭാഷകനുമായ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് സ്വമേധയാ വിശിഷ്ട സീനിയർ പദവി നൽകാൻ കേരള ഹൈക്കോടതി ഫുൾകോർട്ട് തീരുമാനം. നിയമരംഗത്തെ പ്രാവീണ്യവും അനുഭവസമ്പത്തും തൊഴിൽപരമായ മികവും പരിഗണിച്ചാണ് പദവി നൽകിയത്.
സീനിയർ അഭിഭാഷക പദവിക്കുവേണ്ടി അപേക്ഷകൻ അല്ലാതിരുന്നിട്ടും ഹൈക്കോടതി ഫുൾകോർട്ട് അദ്ദേഹത്തിന് ഏകകണ്ഠമായി പദവി നൽകാൻ തീരുമാനിച്ചത് അത്യപൂർവ ബഹുമതിയാണ്.
നിയമരംഗത്ത് നാലുപതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള അഭിഭാഷകനാണ് ശ്രീധരൻ പിള്ള. കീഴ് കോടതിമുതൽ സുപ്രീംകോടതി വരെ ഒട്ടേറെ പ്രമാദമായ കേസുകളിൽ ഹാജരായി കേസ് നടത്തിയിട്ടുള്ള ശ്രീധരൻ പിള്ളയെ കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
മിസോറാമിലും ഗോവയിലും ഗവർണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കൗൺസിൽ, സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മൂന്നു തവണ തുടർച്ചയായി കാലിക്കറ്റ് സർവകലാശാലയിലെ രജിസ്റ്റേർഡ് ഗ്രാജുവേറ്റ്സ് കോൺസ്റ്റിറ്റുവൻസിയിൽനിന്ന് സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Key Words : High Court, P.S. Sreedharan Pillai

COMMENTS