ഫുക്കറ്റ്: തായ്‌ലൻഡിന്റെ തെക്കൻ വിനോദസഞ്ചാര ദ്വീപായ ഫുക്കറ്റിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 16 പേർക്ക് പരുക്...
ഫുക്കറ്റ്: തായ്‌ലൻഡിന്റെ തെക്കൻ വിനോദസഞ്ചാര ദ്വീപായ ഫുക്കറ്റിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാതോങ്ങിൽ തിങ്കളാഴ്ച പുലർച്ചെ പ്രാദേശിക സമയം 3.17 ഓടെയാണ് തീപിടിത്തമുണ്ടായത്. റസ്റ്ററന്റ്, വാടക മുറികൾ, മോട്ടർ സൈക്കിൾ വാടകയ്ക്ക് നൽകുന്ന കട എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. തുടർന്ന് സമീപത്തെ നിരവധി കെട്ടിടങ്ങളിലേക്കും തീ ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണെന്ന് ഫുക്കറ്റ് പൊലീസ് കമാൻഡർ സുരചായ് സൂക്‌സായ് പറഞ്ഞു.
എന്നാൽ, തീപിടിത്തമുണ്ടാകുന്നതിനു തൊട്ടുമുമ്പ് കെട്ടിടത്തിനു സമീപമുള്ള ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ അട്ടിമറി സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. മോട്ടർ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്ന കടയിൽ ഏകദേശം 100 മോട്ടോർ സൈക്കിളുകളും, സൂക്ഷിച്ചുവച്ചിരുന്ന പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവയും ഉണ്ടായിരുന്നതായി ഫുക്കറ്റ് ഗവർണർ ചോഡ്‌നാരിൻ കോഡ്‌സോം പറഞ്ഞു. എളുപ്പത്തിൽ തീപിടിക്കുന്ന ഇത്തരം വസ്തുക്കൾ തീ അതിവേഗം പടരുന്നതിനും കട്ടിയുള്ള വിഷപ്പുക ഉയരുന്നതിനും കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Key Words : Southern Thailand, Fire

COMMENTS