ആലപ്പുഴ: മഹാരാഷ്ട്രയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവ് സ്വദ...
ആലപ്പുഴ: മഹാരാഷ്ട്രയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവ് സ്വദേശിനി മഹേശ്വരി രാമചന്ദ്രൻ (71) ആണ് മരിച്ചത്.
കൈകാലുകൾ കെട്ടിയിട്ടും രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൻവേലിന് സമീപം ഭാൻവജിലെ കാർമൽ സ്കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിലായിരുന്നു മഹേശ്വരി താമസിച്ചിരുന്നത്. ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാലാപുർ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണ് മക്കൾ. മക്കൾ മൂന്നുപേരും വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Key Words : Death, Alappuzha, Murder

COMMENTS