തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനു നേരെ ലഹരിസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഡാൻസാഫ് (DANSAF) സംഘം സഞ്ചരിച്ച ബൈക്കിനു മ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനു നേരെ ലഹരിസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഡാൻസാഫ് (DANSAF) സംഘം സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് പ്രതികൾ ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ നാല് പൊലീസുകാർക്ക് പരുക്കേറ്റു. സിവിൽ പൊലീസ് ഓഫീസർ ദീപുരാജിന്റെ കൈ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്.
ഇന്ന് (നവംബർ 16) കഴക്കൂട്ടം ദേശീയപാതയിലായിരുന്നു സംഭവം. എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയത്. സംശയാസ്പദമായി എത്തിയ മഹീന്ദ്ര ഥാർ ജീപ്പ് പൊലീസ് കൈകാണിച്ച് തടയാൻ ശ്രമിച്ചു. എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന പ്രതികൾ ഉദ്യോഗസ്ഥരുടെ ബൈക്കിലേക്ക് ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ചാടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ഗുരുതരമായി പരുക്കേറ്റ ദീപുരാജിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കും ചികിത്സ നൽകി.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരെ പൊലീസ് സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തു. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ജീപ്പിലുണ്ടായിരുന്ന നാലാമത്തെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു.
Key Words : Kerala Police, Attack, DANSAF


COMMENTS