സിഡ്നി: സാധാരണയായി രാഷ്ട്രീയ വാഗ്വാദങ്ങളും ഗൗരവമേറിയ ചർച്ചകളും നടക്കാറുള്ള ഓസ്ട്രേലിയൻ പാർലമെന്റ് അപ്രതീക്ഷിതമായൊരു പ്രണയനിമിഷത്തിന് സാക്ഷ...
സിഡ്നി: സാധാരണയായി രാഷ്ട്രീയ വാഗ്വാദങ്ങളും ഗൗരവമേറിയ ചർച്ചകളും നടക്കാറുള്ള ഓസ്ട്രേലിയൻ പാർലമെന്റ് അപ്രതീക്ഷിതമായൊരു പ്രണയനിമിഷത്തിന് സാക്ഷിയായി. ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിലെ ലിബറൽ പാർട്ടി അംഗമായ ജോർദാൻ ലെയ്ൻ (32) ആണ് തന്റെ വിടവാങ്ങൽ പ്രസംഗത്തിനിടെ ദീർഘകാല പ്രണയിനിയോട് വിവാഹാഭ്യർഥന നടത്തി സഹപ്രവർത്തകരെയും കാണികളെയും അമ്പരപ്പിച്ചത്.
റൈഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലെയ്ൻ, വ്യാഴാഴ്ച തന്റെ അവസാന പാർലമെന്റ് പ്രസംഗം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം നടത്തിയത്. പത്ത് വർഷത്തിലേറെയായി തന്റെ ജീവിതത്തിന്റെ ഭാഗമായ നതാലി ഹിസ്സി സന്ദർശക ഗാലറിയിലിരുന്ന് പ്രസംഗം വീക്ഷിക്കുന്നുണ്ടായിരുന്നു. പ്രസംഗത്തിനൊടുവിൽ പോക്കറ്റിൽ നിന്ന് വിവാഹമോതിരം പുറത്തെടുത്ത ലെയ്ൻ സ്പീക്കറെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു:
"സ്പീക്കർ, റൈഡ് അംഗമെന്ന നിലയിലുള്ള എന്റെ അവസാന ചോദ്യം എന്റെ പ്രിയപ്പെട്ട നതാലിയോടാണ്. എന്നെ വിവാഹം കഴിക്കുമോ?"
എംപിയുടെ അപ്രതീക്ഷിത ചോദ്യം കേട്ട് സഭ ഒന്നടങ്കം നിശബ്ദമായെങ്കിലും, തൊട്ടടുത്ത നിമിഷം ഗാലറിയിൽ നിന്ന് നതാലി സമ്മതം മൂളിയതോടെ പാർലമെന്റ് ചേംബർ കൈയടികളാലും ആരവങ്ങളാലും നിറഞ്ഞു. തുടർന്ന് ഗാലറിയിലേക്ക് ഓടിയെത്തിയ ലെയ്ൻ നതാലിയുടെ വിരലിൽ മോതിരം അണിയിച്ചു.
ഇതുകൊണ്ടും തീർന്നില്ല, നതാലി 'അതെ' എന്ന് മറുപടി നൽകിയ കാര്യം പാർലമെന്റിന്റെ ഔദ്യോഗിക രേഖയായ 'ഹാൻസാർഡിൽ' കൃത്യമായി രേഖപ്പെടുത്തണമെന്ന് അദ്ദേഹം തമാശരൂപേണ സ്പീക്കറോട് അഭ്യർഥിക്കുകയും ചെയ്തു.
2023 മുതൽ എംപിയായി പ്രവർത്തിച്ചിരുന്ന ജോർദാൻ ലെയ്ൻ, 2027 മാർച്ചിൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ജീവിതത്തോട് വിടപറയുന്ന വേളയിൽ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ച എംപിയുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Key Words : Australian Parliament, MP

COMMENTS