കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്ത...
കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന സംഘം തന്നെ മർദിച്ചുവെന്ന് കാട്ടി ഡോ. ജോൺസൺ പരാതി നൽകിയതിനു പിന്നാലെ നടിയുടെ ബന്ധു പരാതിയുമായി ഇൻഫോപാർക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ നൽകിയ കേസിനെ പ്രതിരോധിക്കാൻ ഉണ്ടാക്കിയതാണ് ബലാത്സംഗ പരാതിയെന്നാണ് ഡോ. ജോൺസന്റെ ആരോപണം.
ഒക്ടോബർ 10ന് ഇൻഫോപാർക്കിലെ ഹോട്ടലിൽ വച്ച് ജോൺസൺ തന്നെ പീഡിപ്പിച്ചെന്നാണ് അൻപതുകാരിയുടെ പരാതി. ഈ ആരോപണം പൂർണമായും തെറ്റാണെന്ന് ജോൺസന്റെ ഹർജിയിൽ പറയുന്നു. ഒക്ടോബർ 10 ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ നവംബർ 4 ന് ശേഷമാണ് പരാതി നൽകിയത്. ഇതിൽ അസ്വാഭാവികമായ കാലതാമസമുണ്ട്. തനിക്കെതിരെയുള്ള കേസിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഈ മാസം രണ്ടിന്, പരാതിക്കാരിയുടെ ബന്ധു അതുല്യ ആവശ്യപ്പെട്ടതനുസരിച്ച് കടവന്ത്രയിലെ ഒരു ഫ്ലാറ്റിലെത്തിയ തന്നെ പന്ത്രണ്ടംഗ സംഘം ആക്രമിക്കുകയും 3 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ താൻ നൽകിയ പരാതിയിൽ അതുല്യ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കടവന്ത്രയിലെ ഈ സംഭവത്തിന് ശേഷമാണ് തനിക്കെതിരെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ബലാത്സംഗ പരാതി നൽകിയതെന്നും ജാമ്യാപേക്ഷയിലുണ്ട്.
Key Words : Dr. Johnson Varghese, anticipatory bail

COMMENTS