തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജുവിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് എസ് ഐ ടി. കഴിഞ്ഞ ആഴ്ച ഓഫ...
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജുവിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് എസ് ഐ ടി. കഴിഞ്ഞ ആഴ്ച ഓഫീസിലെത്താൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിസമ്മതിച്ച ബൈജുവിന് വീണ്ടും നോട്ടീസ് നൽകിയിരുന്നു.
അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് കാരണമാക്കിയാണ് ചോദ്യം ചെയ്യലിൽ നിന്നും ബൈജു വിട്ടു നിൽക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഹൈക്കോടതി വിധി വന്നശേഷമേ ഹാജരാകൂവെന്നാണ് തീരുമാനമെങ്കിൽ ബൈജു ഇന്നും ചോദ്യം ചെയ്യലിനെത്തില്ല.
പരീക്ഷാക്രമക്കേടിൽ മുൻപ് അറസ്റ്റിലായ പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് എന്നിവർക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഹരിയുടെയും സതീഷിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രത്യേക വിജിലൻസ് കോടതി ഈ മാസം 16 ലേക്ക് മാറ്റി.
പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പുണ്ടായതിനു ശേഷം ജാമ്യാപേക്ഷയിൽ വാദം കേട്ടാൽ മതിയാവുമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ജാമ്യാപേക്ഷയിൽ കോടതി പ്രാരംഭവാദം കേൾക്കുന്നതിനിടയിലാണ് പ്രതിഭാഗം ഈ ആവശ്യമുന്നയിച്ചത്.
കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചെന്ന തെറ്റായ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലുണ്ടെന്നും ഇക്കാര്യം കോടതി വിദഗ്ധമായി പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കമ്പ്യൂട്ടർ അധിഷ്ഠിതമായ സുരക്ഷിത പരീക്ഷാ സംവിധാനത്തിൽ തങ്ങൾക്ക് എങ്ങനെ ക്രമക്കേട് നടത്താൻ കഴിയുമെന്നും പ്രതികൾ ചോദിച്ചു.
Key Words : Crime Branch, PSC Chairman, MR Baiju

COMMENTS