തിരുവനന്തപുരം : സി പി എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ് ആർ വിനയകുമാർ പ...
തിരുവനന്തപുരം : സി പി എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ് ആർ വിനയകുമാർ പാർട്ടി വിട്ടു. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇല്ലാതായെന്നും പിണറായിസം മാത്രമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് തീരുമാനം.
തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് അംഗമായിരുന്ന വിനയകുമാർ ഇത്തവണ പാർട്ടി അംഗത്വം പുതുക്കിയില്ല.
സി പി എം പിണറായി വിജയനെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്ന സംഘടനയായി മാറിയെന്ന് വിനയകുമാർ ആരോപിച്ചു. പാർട്ടി എന്നാൽ പിണറായി വിജയനെന്നും പിണറായി വിജയൻ എന്നാൽ പാർട്ടിയെന്നുമുള്ള നിലപാടാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിക്കുന്നത്.
നേതൃത്വത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവരെ വർഗവഞ്ചകരായി ചിത്രീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്തുവർഷത്തെ ഭരണത്തിനുശേഷം പാർട്ടി ചരിത്രത്തിലെ വലിയ തിരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങിയിട്ടും നേതൃത്വം തെറ്റുതിരുത്താൻ തയ്യാറാകുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം സാധാരണ പ്രവർത്തകരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം.
നേതൃത്വത്തെ അനുകൂലിക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണന ലഭിക്കുന്നത്. പിണറായി വിജയനും എം വി ഗോവിന്ദനും നേതൃത്വത്തിൽനിന്ന് മാറാതെ പാർട്ടിക്ക് തിരിച്ചുവരവ് സാധ്യമാകില്ലെന്നും വിനയകുമാർ വിമർശിച്ചു.
കോടിയേരി ബാലകൃഷ്ണനോട് പാർട്ടി നേതൃത്വം കടുത്ത അനീതിയും നന്ദികേടുമാണ് കാണിച്ചതെന്നും വിനയകുമാർ ആരോപിച്ചു. കോടിയേരിയുടെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ സ്വീകരിച്ച നിലപാടല്ല പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേതൃത്വം സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തമായ ഇരട്ടത്താപ്പുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2009 മുതൽ സി പി എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിനയകുമാർ തലശ്ശേരി മുൻ എം എൽ എ എം വി രാജഗോപാലന്റെ മകനാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരാനല്ല സി പി എം അംഗത്വം പുതുക്കാതിരുന്നതെന്നും പാർട്ടിയിലെ നിലവിലെ നേതൃത്വത്തിന്റെ സമീപനങ്ങളോടുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നും വിനയകുമാർ വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോട് പാർട്ടി നേതൃത്വം അകലം പാലിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് അടുത്ത ബന്ധുവിന്റെ പാർട്ടി വിടൽ. ഇത് സി പി എമ്മിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Key Words : CPM, S.R. Vinayakumar, Kodiyeri Balakrishnan

COMMENTS