ന്യൂഡൽഹി / ഒട്ടാവ: ഒരിടവേളയ്ക്ക് ശേഷം ലോകമെമ്പാടും കോവിഡ് ആശങ്ക വീണ്ടും ഉയരുന്നു. SARS-CoV-2 വൈറസിന്റെ പുതിയ വകഭേദമായ പിജെ.2.1 (PJ.2.1) വിവി...
ന്യൂഡൽഹി / ഒട്ടാവ: ഒരിടവേളയ്ക്ക് ശേഷം ലോകമെമ്പാടും കോവിഡ് ആശങ്ക വീണ്ടും ഉയരുന്നു. SARS-CoV-2 വൈറസിന്റെ പുതിയ വകഭേദമായ പിജെ.2.1 (PJ.2.1) വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവിദഗ്ധർ നിരീക്ഷണം ശക്തമാക്കി. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ ഒറ്റയടിക്ക് 25-ലധികം ജനിതക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
ഈ വർഷം മെയ് രണ്ടിന് കാനഡയിലെ ഒന്റാറിയോയിലാണ് പിജെ.2.1 ആദ്യമായി കണ്ടെത്തിയത്. തുടർന്ന് അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിലും ഈ വകഭേദം സ്ഥിരീകരിച്ചു. സ്പൈക്ക് പ്രോട്ടീനിൽ ഇത്രയധികം മാറ്റങ്ങൾ ഒന്നിച്ച് സംഭവിച്ചതിനാൽ ശാസ്ത്രലോകം ഇതിനെ 'സാൾട്ടേഷൻ വേരിയന്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യകോശങ്ങളിലേക്ക് അതിവേഗം പറ്റിപ്പിടിക്കാൻ ഈ മാറ്റങ്ങൾ വൈറസിനെ സഹായിക്കുന്നതായി 'ജേണൽ ഓഫ് ഇൻഫെക്ഷനിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
എന്നാൽ പുതിയ വകഭേദം മുൻപത്തേക്കാൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മരണനിരക്കോ വർധിപ്പിക്കുന്നതായി ഇതുവരെ തെളിവുകളില്ല. നിലവിലുള്ള നവീകരിച്ച കോവിഡ് വാക്സിനുകൾക്ക് പിജെ.2.1 വകഭേദത്തെയും ചെറുക്കാൻ സാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്ത്യയിൽ ഇതുവരെ ഈ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഇൻസാകോഗ് വഴി ജനിതക ശ്രേണീകരണവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, അമിതക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെങ്കിലും പ്രായമായവരും ഗുരുതര രോഗങ്ങളുള്ളവരും തിരക്കേറിയ ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
Key Words : COVID 19, Health Alert

COMMENTS