ആലപ്പുഴ : എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ സമ്പൂർണ ആധിപത്യം ഉറപ്പിച്ച് വെള്ളാപ്പള്ളി നടേശൻ പക്ഷം. ആലപ്പുഴ ചേർത്തല എസ്.എൻ കോളേജി...
ആലപ്പുഴ : എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ സമ്പൂർണ ആധിപത്യം ഉറപ്പിച്ച് വെള്ളാപ്പള്ളി നടേശൻ പക്ഷം. ആലപ്പുഴ ചേർത്തല എസ്.എൻ കോളേജിൽ ചൊവ്വാഴ്ച നടന്ന 3(ഡി) വിഭാഗം തിരഞ്ഞെടുപ്പിലും വെള്ളാപ്പള്ളി പാനൽ എതിരാളികളെ പരാജയപ്പെടുത്തി മുഴുവൻ സീറ്റുകളും സ്വന്തമാക്കി.
ഇതോടെ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 1,027 പേരും വെള്ളാപ്പള്ളി പക്ഷക്കാരായി. എതിർപക്ഷത്തുനിന്ന് ഒരാൾ പോലും ഡയറക്ടർ ബോർഡിൽ ഇടംപിടിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 5,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകി ട്രസ്റ്റിൽ അംഗത്വമെടുത്ത 2,706 പേരിൽ നിന്നാണ് 270 ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നത്. ആകെ 1,415 പേർ വോട്ട് രേഖപ്പെടുത്തി.
വെള്ളാപ്പള്ളി പാനലിലെ സ്ഥാനാർഥികൾക്ക് 1,345 വോട്ട് വീതം ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്ന എതിർപക്ഷത്തെ ആറുപേർക്ക് ആകെ ലഭിച്ചത് 47 വോട്ടുകൾ മാത്രമാണ്. ഇതോടെ ഇവർക്ക് കെട്ടിവെച്ച തുകയും നഷ്ടമായി. 50 വോട്ടുകൾ അസാധുവായി. പത്ത് റീജിയണുകളിലും വെള്ളാപ്പള്ളി പാനലിന് വിജയം
നേരത്തെ 500 രൂപ മുതൽ 4,999 രൂപ വരെ നൽകി ട്രസ്റ്റ് അംഗത്വമെടുത്ത 3(ഇ) വിഭാഗത്തിൽനിന്ന് പത്ത് റീജിയണുകളിലായി തിരഞ്ഞെടുക്കപ്പെട്ട 757 പേരും വെള്ളാപ്പള്ളി പക്ഷക്കാരാണ്.
തിരുവനന്തപുരം, പുനലൂർ, പാലക്കാട് റീജിയണുകളിൽ ഔദ്യോഗിക പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ചേർത്തല, നങ്ങ്യാർകുളങ്ങര, വർക്കല, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം റീജിയണുകളിൽ മത്സരം നടന്നെങ്കിലും വെള്ളാപ്പള്ളി പാനൽ വിജയം ആവർത്തിച്ചു.
ഇതോടെയാണ് 3(ഡി), 3(ഇ) വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 1,027 ഡയറക്ടർ ബോർഡ് അംഗങ്ങളും വെള്ളാപ്പള്ളി പക്ഷത്തുനിന്നുള്ളവരായത്. ട്രസ്റ്റിന്റെ ഭരണസമിതിയിൽ എതിർപക്ഷത്തിന് പ്രാതിനിധ്യമില്ലാത്ത സാഹചര്യം ഇതോടെ രൂപപ്പെട്ടു.
ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന് പിന്നാലെ അടുത്ത ഘട്ടമായി വിദഗ്ധ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബർ 17-ന് നടക്കും. ട്രസ്റ്റിന്റെ ഭാവി നേതൃത്വത്തെ നിർണയിക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പ് ഡിസംബർ 19-നാണ് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ 30 വർഷമായി വെള്ളാപ്പള്ളി നടേശനാണ് എസ്.എൻ ട്രസ്റ്റിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ സമ്പൂർണ വിജയം നേടിയ സാഹചര്യത്തിൽ വരാനിരിക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
Key Words : SN Trust, Vellappally Natesan

COMMENTS