തിരുവനന്തപുരം : വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ശ്രീലകത്ത് ദീപം ...
തിരുവനന്തപുരം : വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ശ്രീലകത്ത് ദീപം തെളിച്ചതിനെ തുടർന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിലും അഗ്നി തെളിച്ചു.
പിന്നീട് ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ കാത്തു നിന്ന നിയുക്ത ശബരിമല മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിച്ചു.
അല്പ സമയത്തിനകം തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കലശാഭിഷേകം നടത്തി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കുന്നതോടെ അദ്ദേഹം ശബരിമല മേൽശാന്തിയായി അവരോധിതനാകും.
സമാനമായ രീതിയിൽ മാളികപ്പുറം ക്ഷേത്രത്തിലും കലശാഭിഷേകവും മൂലമന്ത്രം ചൊല്ലിക്കൊടുക്കലും നടത്തി ദാമോദരൻ നമ്പൂതിരിയെയും മേൽശാന്തിയായി അവരോധിക്കും. വൃശ്ചിക പുലരിയില്‍, ചൊവ്വാഴ്ച പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.
മണ്ഡല കാലത്തിന് തുടക്കം കുറിച്ച് നട തുറന്നത് മുതൽ തീർത്ഥാടകരുടെ പ്രവാഹമായിരുന്നു. മുപ്പതിനായിരം ഭക്തർക്കാണ് വെർച്വൽ ക്യൂ വഴി ആദ്യ ദിവസം ദർശനത്തിനായി അനുവദിച്ചിരുന്നത്. വൃശ്ചികം ഒന്നുമുതൽ 80,000 പേർക്കാണ് ദർജനത്തിന് അവസരം ഉണ്ടാവുക. വെർച്വൽ ക്യു വഴി 60,000 പേർക്കും, നിലയ്ക്കൽ സ്പോട്ട് ബുക്കിങ് വഴി 10,000 പേർക്കും, എരുമേലി-പുല്ലുമേട് പാത വഴി 3,000 പേർക്കും പ്രവേശനം ലഭിക്കും.
എല്ലാ ദിവസവും പുലർച്ചെ 3 മണിക്ക് നടതുറക്കും. 3:30 മുതൽ 11 മണി വരെയാണ് നെയ്യഭിഷേകം. ഉച്ചപൂജയ്ക്ക് ശേഷം 1 മണിക്ക് നട അടച്ച്, വൈകിട്ട് 3 മണിക്ക് വീണ്ടും തുറക്കും. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കും.
ശബരിമലയിൽ നാളത്തെ ചടങ്ങുകൾ
രാവിലെ നട തുറക്കുന്നത് - 3 മണി.
നിർമ്മാല്യം, അഭിഷേകം - 3 മുതൽ 3.30 വരെ.
ഗണപതി ഹോമം - 3.20 മുതൽ.
നെയ്യഭിഷേകം - 3.30 മുതൽ 7 വരെ.
ഉഷ പൂജ - 7.30 മുതൽ 8 വരെ.
നെയ്യഭിഷേകം - 8 മുതൽ 11 വരെ.
കലശം, കളഭം - 11.30 മുതൽ 12 വരെ.
ഉച്ച പൂജ - 12.00 ന്
തിരുനട അടക്കൽ -01.00 ന്.
തിരുനട തുറക്കൽ ഉച്ച കഴിഞ്ഞ് - 03.00 ന്.
ദീപാരാധന വൈകിട്ട് - 06.30 - 06.45.
പുഷ്പാഭിഷേകം - 06.45 മുതൽ 9 വരെ.
അത്താഴ പൂജ - 9.15 മുതൽ 9.30 വരെ
ഹരിവരാസനം - 10.50 ന്.
തിരുനട അടക്കൽ - 11.00 ന്.
Key Words : Sabarimala


COMMENTS