ന്യൂഡൽഹി: വോട്ടുകൊള്ളയ്ക്കെതിരെ ഇന്ത്യ സഖ്യം ഡൽഹി രാംലീല മൈതാനിയിൽ നടത്തിയ ‘ചലോ ദില്ലി’ മഹാറാലിക്കെതിരെ കടുത്ത അമർഷവുമായി തലസ്ഥാനത്തെ വ്യാപാ...
ന്യൂഡൽഹി: വോട്ടുകൊള്ളയ്ക്കെതിരെ ഇന്ത്യ സഖ്യം ഡൽഹി രാംലീല മൈതാനിയിൽ നടത്തിയ ‘ചലോ ദില്ലി’ മഹാറാലിക്കെതിരെ കടുത്ത അമർഷവുമായി തലസ്ഥാനത്തെ വ്യാപാരികൾ. ഉത്സവ സീസണിലെ തിരക്കേറിയ സമയത്ത് നടന്ന റാലിയും മാർച്ചും കാരണം ഡൽഹിയിലെ വ്യാപാര മേഖലയ്ക്ക് വൻ തകർച്ച നേരിട്ടതായി വ്യാപാരി സംഘടനകൾ ആരോപിച്ചു.
ഡൽഹിയിലെ മൊത്തം മൂന്ന് ലക്ഷത്തോളം വരുന്ന കടകളിൽ രണ്ടര ലക്ഷത്തോളം കടകളും റാലി ദിവസം പൂർണ്ണമായും അടച്ചിടേണ്ടി വന്നുവെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) ഭാരവാഹികൾ വ്യക്തമാക്കി. ദീപാവലി, ധൻതേരാസ് തുടങ്ങിയ പ്രധാന ഉത്സവങ്ങളുടെ സമയത്ത് കച്ചവടം മുടങ്ങിയതിലൂടെ 10,000 കോടി മുതൽ 11,000 കോടി രൂപയുടെ വരെ വൻ വ്യാപാര നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്.
ഉത്സവ സീസൺ പ്രമാണിച്ച് റാലി നവംബർ 10-ന് ശേഷമുള്ള മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നേരത്തെ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാൽ ഈ അഭ്യർത്ഥന പരിഗണിക്കാതെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ടുപോയത്.
അതേസമയം, വ്യാപാരികളുടെ ആരോപണങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി. റാലിക്ക് എത്തുന്നവരോട് ഡൽഹിയിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കാൻ രാഹുൽ ഗാന്ധി നേരത്തെ അഭ്യർത്ഥിച്ചിരുന്നുവെന്നും, എന്നാൽ കൊണാട്ട് പ്ലേസ് അടക്കമുള്ള കേന്ദ്രങ്ങളിലെ കടകൾ ബിജെപിയും പൊലീസും ചേർന്ന് നിർബന്ധപൂർവ്വം അടപ്പിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. റാലി കാരണം വ്യാപാരം തടസ്സപ്പെട്ടിട്ടില്ലെന്നും വ്യാപാരികൾക്കിടയിൽ ബിജെപി ഭീതി പരത്തുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശും വ്യക്തമാക്കി.
Key Words : Business Losses, Delhi Traders, INDIA Bloc, Chalo Delhi March

COMMENTS