മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. വിദേശ പൗ...
മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. വിദേശ പൗരത്വമുള്ള ഒരാൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനോ രാജ്യത്തെ സംവിധാനങ്ങളെ വിമർശിക്കാനോ അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യ വിടണമെന്ന മുംബൈ പൊലീസിന്റെയും ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെയും (FRRO) നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കോടതിയിൽ നടൻ നിരുപാധിക മാപ്പ് പറയുകയും ഇനി ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതേത്തുടർന്ന് രാജ്യം വിടാനുള്ള നോട്ടീസ് ഡിസംബർ 7 വരെ ഹൈക്കോടതി മരവിപ്പിച്ചു.
യുഎസ് പൗരത്വമുള്ള ഇമ്രാൻ ഖാൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമ മാത്രമാണ്. വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ച് ഒക്ടോബർ 10-ന് മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തിയ പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. ബിജെപി നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയെത്തുടർന്ന്, വിദേശി നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ നടനോട് എഫ്ആർആർഓ ആവശ്യപ്പെടുകയായിരുന്നു.
ഒരു സെലിബ്രിറ്റിയായതു കൊണ്ടുതന്നെ നടന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണെന്നും കോടതി ഓർമ്മിപ്പിച്ചു. നടന്റെ മാപ്പപേക്ഷയും സത്യവാങ്മൂലവും രേഖപ്പെടുത്തിയ ഹൈക്കോടതി, കേസ് വീണ്ടും വാദം കേൾക്കുന്നതിനായി ഡിസംബർ 7-ലേക്ക് മാറ്റി.
Key Words : Bombay High Court, Imran Khan

COMMENTS