ദുബായ്/റിയാദ്: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോ അവിടെ താമസിക്കുന്നവരോ ആയ പ്രവാസികൾ മരുന്നുകൾ കൈവശം വെക്കുമ്പോൾ കർശന ജാഗ്രത പാലിക്കണമ...
ദുബായ്/റിയാദ്: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോ അവിടെ താമസിക്കുന്നവരോ ആയ പ്രവാസികൾ മരുന്നുകൾ കൈവശം വെക്കുമ്പോൾ കർശന ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. നിയന്ത്രിത മരുന്നുകൾ കൊണ്ടുവരുന്നതിനും കൈവശം വെക്കുന്നതിനുമുള്ള മുൻകൂർ അനുമതി നടപടികളും നിബന്ധനകളും ഗൾഫ് രാജ്യങ്ങൾ കൂടുതൽ കടുപ്പിച്ച സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ.
വേദനസംഹാരികൾ, ഉറക്കഗുളികകൾ, മാനസികാരോഗ്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങി നിരവധി മരുന്നുകൾ ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രിത മരുന്നുകളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. ഇത്തരം മരുന്നുകൾ കൈവശം വെക്കുന്നവർ യാത്രയ്ക്ക് മുൻപ് തന്നെ അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെയോ ബന്ധപ്പെട്ട അതോറിറ്റികളുടെയോ വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ വഴി മുൻകൂർ ഓൺലൈൻ അനുമതി നേടേണ്ടതുണ്ട്.
യാത്രക്കാർ മരുന്നുകൾക്കൊപ്പം ഇംഗ്ലീഷിലോ അറബിയിലോ ഉള്ള അംഗീകൃത ഡോക്ടറുടെ കുറിപ്പടിയും രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും നിർബന്ധമായും കരുതണം. സാധാരണയായി 30 ദിവസത്തേക്കോ പരമാവധി 3 മാസത്തേക്കോ ഉള്ള മരുന്നുകൾക്കാണ് അനുമതി ലഭിക്കുക.
മുൻകൂർ അനുമതിയില്ലാതെ നിയന്ത്രിതമോ നിരോധിതമോ ആയ മരുന്നുകൾ വിമാനത്താവളങ്ങളിൽ പിടിക്കപ്പെട്ടാൽ മരുന്നുകൾ കണ്ടുകെട്ടുന്നതിനൊപ്പം കനത്ത പിഴ, തടവ്, നാടുകടത്തൽ തുടങ്ങിയ കർശന ശിക്ഷാനടപടികൾ നേരിടേണ്ടി വരാം. അതിനാൽ യാത്രയ്ക്ക് മുൻപ് തന്നെ ഉപയോഗിക്കുന്ന മരുന്നുകൾ നിയന്ത്രിത പട്ടികയിൽ ഉൾപ്പെടുന്നവയാണോ എന്ന് പരിശോധിച്ച് ആവശ്യമായ രേഖകളും അനുമതികളും ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
Key Words : Medicine, Gulf


COMMENTS