നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന സിനിമയുടെ പ്രദർശനം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് വിശ്വഹിന്ദു പരിഷത...
നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന സിനിമയുടെ പ്രദർശനം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു. ചിത്രത്തിൽ രാവണനെ മഹത്വവൽക്കരിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബാഗ്ര ആവശ്യപ്പെട്ടു.
നവംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിനെതിരെ രണ്ടാഴ്ച പിന്നിടുമ്പോഴാണ് സംഘടന രംഗത്തെത്തിയത്. അഹങ്കാരിയും ക്രൂരനുമായ രാവണനെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി ചിത്രീകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിച്ചതെന്ന് ബാഗ്ര ആരോപിച്ചു.
മഹർഷി വാൽമീകി രചിച്ച യഥാർത്ഥ ഇതിഹാസത്തിലെ വസ്തുതകൾ വളച്ചൊടിച്ചതായും ഇല്ലാത്ത പല കാര്യങ്ങളും സിനിമയിൽ കൂട്ടിച്ചേർത്തതായും വിഎച്ച്പി കുറ്റപ്പെടുത്തുന്നു. ശ്രീരാമന്റെ മഹത്വം വെളിവാക്കുന്ന അഹല്യാ മോക്ഷം, നിഷാദരാജാവായ ഗുഹനുമായുള്ള സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ നിർണ്ണായക ഭാഗങ്ങളും കഥാപാത്രങ്ങളും സിനിമയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയതായും സംഘടന ചൂണ്ടിക്കാട്ടി.
ഋഷിമാരെയും സമൂഹത്തെയും ഉപദ്രവിച്ചിരുന്ന രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്ന ശ്രീരാമന്റെ മഹത്തായ ദൗത്യത്തെ, ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള കേവലം വ്യക്തിപരമായ പ്രതികാര പോരാട്ടമായി സിനിമ ചുരുക്കിക്കാണിച്ചുവെന്നും വിഎച്ച്പി ആരോപിച്ചു.
രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നമിത് മൽഹോത്രയും യഷും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയിട്ടുള്ളത്. വിഎച്ച്പിയുടെ ആരോപണങ്ങളോട് സിനിമയുടെ അണിയറപ്രവർത്തകരോ സെൻസർ ബോർഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Key Words : Ravan, VHP, Ramayana Film


COMMENTS