കൊച്ചി : പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രക്കുളം നവീകരിക്കുന്നതിന് മുൻ എംപി കെ.വി. തോമസിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 30 ലക്...
കൊച്ചി : പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രക്കുളം നവീകരിക്കുന്നതിന് മുൻ എംപി കെ.വി. തോമസിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപ നിയമവിരുദ്ധമായാണ് വിനിയോഗിച്ചതെന്ന് കണ്ടെത്തി. തുക തിരിച്ചുപിടിക്കാൻ എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്ക ഉത്തരവിട്ടു.
പണം ചെലവഴിച്ച കൊച്ചി കോർപറേഷനിൽനിന്ന് തുക ഈടാക്കാനാണ് നിർദേശം. 2014–15 സാമ്പത്തിക വർഷത്തിൽ കെ.വി. തോമസിന്റെ എംപി ഫണ്ടിൽനിന്നാണ് ക്ഷേത്രക്കുളം നവീകരണത്തിന് 30 ലക്ഷം രൂപ അനുവദിച്ചത്.
പദ്ധതിക്കായി കൊച്ചി കോർപറേഷൻ സ്വന്തം ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു. എന്നാൽ എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചാണ് ക്ഷേത്രക്കുളം നവീകരണത്തിന് തുക അനുവദിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് കലക്ടർ നിർദേശം നൽകി. നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ബാബു സുരേഷ് നൽകിയ പരാതിയിലാണ് നടപടി.
വിഷയത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഫയൽ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ കോടതി കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് എംപി ഫണ്ട് വിനിയോഗത്തിൽ ചട്ടലംഘനം കണ്ടെത്തിയത്.
Key Words : Temple, MP,


COMMENTS