ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ സ്മരണയ്ക്കായി ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ ക്ഷേത്രം നിർമിക്കുന്നു. കർണൂ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ സ്മരണയ്ക്കായി ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ ക്ഷേത്രം നിർമിക്കുന്നു. കർണൂൽ ജില്ലയിലെ യെമ്മിഗനൂർ മണ്ഡലത്തിലുള്ള ഗുഡികല്ല് ഗ്രാമത്തിലാണ് 'മാതാശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി'യുടെ നേതൃത്വത്തിൽ ക്ഷേത്രം ഉയരുന്നത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഭൂമിപൂജ ചടങ്ങിൽ അഡോണി ബിജെപി എം.എൽ.എ പി.വി. പാർത്ഥസാരഥി ക്ഷേത്രത്തിന് തറക്കല്ലിട്ടു. ബിജെപി, ജനസേന, വൈ.എസ്.ആർ.സി.പി എന്നീ പാർട്ടികളിലെ പ്രാദേശിക നേതാക്കളടക്കം ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനായി ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹം തയ്യാറായിട്ടുണ്ട്.
അരയേക്കറോളം വരുന്ന സമുച്ചയത്തിൽ ഹീരാബെൻ മോദിയുടെ ക്ഷേത്രത്തിന് പുറമെ ശിവൻ, ദക്ഷിണാമൂർത്തി, ശ്രീരാമൻ, ഗണേശൻ എന്നിവരുടെ ഉപക്ഷേത്രങ്ങളും നിർമിക്കുന്നുണ്ട്. ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി സമുച്ചയത്തിൽ ഒരു ഗോശാലയും അനാഥാലയവും സ്ഥാപിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് ജന്മം നൽകിയ അമ്മയോടുള്ള ആദരസൂചകമായാണ് ഈ ഉദ്യമമെന്ന് സംഘാടകർ വ്യക്തമാക്കി. പൊതുജനങ്ങളിൽ നിന്നും ദാതാക്കളിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് അടുത്ത രണ്ട് മാസത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് എൻ. ശിവകുമാർ അറിയിച്ചു.
Key Words : NarendraModi, Heera Ben, temple


COMMENTS