ചിറ്റൂർ: പാലക്കാട് മൂലത്തറ ഡാമിന് സമീപം അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്...
ചിറ്റൂർ: പാലക്കാട് മൂലത്തറ ഡാമിന് സമീപം അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് ഭിക്ഷാടകനാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറ സ്രാമ്പി സ്വദേശികളായ അഞ്ച് യുവാക്കളെ മീനാക്ഷിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രി മൂലത്തറ ഡാമിന് സമീപമുള്ള കള്ളുഷാപ്പിന് മുന്നിലെ വിജനമായ സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാക്കളുമായി ഭിക്ഷാടകൻ തർക്കത്തിലാവുകയും, തുടർന്ന് പ്രതികൾ ഇയാളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സൂചന. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റ നിലയിലായിരുന്നു മൃതദേഹം. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം അതിക്രൂരമായ മർദനമാണെന്ന് വ്യക്തമായത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മീനാക്ഷിപുരം പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. ഇനിയും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
key words : Death, Moolathara, Mob killing

COMMENTS