സന/റിയാദ്: ചെങ്കടലിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ അതിശക്തമായ സംയുക്ത സൈനിക ആക്രമണം ആരംഭിച്ച് യെമൻ ഭ...
സന/റിയാദ്: ചെങ്കടലിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ അതിശക്തമായ സംയുക്ത സൈനിക ആക്രമണം ആരംഭിച്ച് യെമൻ ഭരണകൂടവും സൗദി അറേബ്യയും. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ പൂർണ്ണമായും തിരിച്ചുപിടിക്കുന്നതിനായി 'യെമൻ ഡോൺ' എന്ന പേരിൽ വിപുലമായ മിലിറ്ററി ക്യാമ്പെയ്നാണ് രൂപീകരിച്ചിരിക്കുന്നത്. ഹൂതികൾ ആയുധം വെച്ച് കീഴടങ്ങണമെന്ന് രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലിമി ആവശ്യപ്പെട്ടു. കീഴടങ്ങുന്നവർക്ക് പൊതുമാപ്പ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
യെമൻ കരസേനയുടെ നീക്കങ്ങൾക്ക് പിന്തുണയുമായി നൂറിലധികം യുദ്ധവിമാനങ്ങളാണ് സൗദി സഖ്യസേനയുടെ ഭാഗമായി വ്യോമാക്രമണത്തിൽ പങ്കെടുക്കുന്നത്. തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് ഇടുക്കിന് അഭിമുഖമായി നിൽക്കുന്ന ദുബാബ് ജില്ലയുടെ നിയന്ത്രണം യെമൻ സൈന്യം ഇതിനകം തിരിച്ചുപിടിച്ചു കഴിഞ്ഞു. ഹൂതികളുടെ ശക്തികേന്ദ്രങ്ങളായ തലസ്ഥാനം സന, സഅദ തുടങ്ങിയ പ്രവിശ്യകൾ ലക്ഷ്യമിട്ടാണ് വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിലൂടെ സൈന്യത്തിന്റെ പ്രധാന മുന്നേറ്റം.
അതേസമയം, സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഹൂതികളും ശക്തമായ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെയും ഖുറൈസിലെയും പ്രമുഖ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്‌യ സരീ അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന് ഈ കേന്ദ്രങ്ങളിൽ വലിയ തീപിടുത്തമുണ്ടായതായും ഹൂതികൾ വ്യക്തമാക്കുന്നു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നിർണായക സൈനിക നടപടി. കടുത്ത യുദ്ധസാഹചര്യം ചെങ്കടൽ വഴിയുള്ള ആഗോള വ്യാപാരത്തെയും അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
Key Words : Yemen, Saudi Arabia, Military Operation, Houthis, Airstrike, Aramco

COMMENTS