തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത നിബന്ധനകളോടെ വാഹനങ്ങളുടെ നിറവും രൂപവും മാറ്റാൻ ഗതാഗത വകുപ്പ് അനുമതി നൽകി. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് പ്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത നിബന്ധനകളോടെ വാഹനങ്ങളുടെ നിറവും രൂപവും മാറ്റാൻ ഗതാഗത വകുപ്പ് അനുമതി നൽകി. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് പ്രധാന മാറ്റങ്ങൾക്കാണ് മോട്ടോർ വാഹന വകുപ്പ് (MVD) അനുമതി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാർ പുതിയ ഉത്തരവിറക്കി. എന്നാൽ ഈ മാറ്റങ്ങളെല്ലാം വരുത്തുന്നതിന് മുൻപായി ഗതാഗതവകുപ്പിന്റെ (RTO) മുൻകൂർ അനുമതി വാങ്ങേണ്ടതും വരുത്തിയ മാറ്റങ്ങൾ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (RC ബുക്ക്) രേഖപ്പെടുത്തേണ്ടതും നിർബന്ധമാണ്.
അനുമതിയുള്ള ഏഴ് മാറ്റങ്ങൾ ഇവയാണ്:
• നിറം മാറ്റം: ആർടിഒയുടെ മുൻകൂർ അനുമതിയോടെ ഏത് നിറത്തിലേക്കും മാറ്റാം. എന്നാൽ കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമോ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയോ നിരോധിച്ച നിറങ്ങൾ (ഉദാഹരണത്തിന് മിലിട്ടറി ഗ്രീൻ) ഉപയോഗിക്കാൻ പാടില്ല.
• എൻജിൻ മാറ്റിവെക്കൽ: വാഹനത്തിലുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ) ഒരേ കമ്പനിയുടെ എൻജിൻ മാത്രമേ മാറ്റിവെക്കാൻ പാടുള്ളൂ. മറ്റ് വാഹനങ്ങളുടെ എൻജിൻ മാറ്റിസ്ഥാപിക്കുന്നത് (Engine Swapping) അനുവദിക്കില്ല.
• ഷാസി ഫ്രെയിം മാറ്റം: അപകടങ്ങളിലോ മറ്റോ കേടുപാടുകൾ സംഭവിച്ചാൽ മുൻകൂർ അനുമതിയോടെ ഷാസി ഫ്രെയിം മാറ്റാം. ഒരു തരത്തിലുള്ള വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി ഉപയോഗിക്കാൻ പാടില്ല.
• ബോഡി ഘടനയിൽ മാറ്റം: നിയമപരമായ പരിധികൾക്കുള്ളിൽ നിന്ന് ബോഡി ഘടനയിൽ മാറ്റങ്ങൾ വരുത്താം.
• ഇന്ധന തരം മാറ്റൽ: പെട്രോൾ/ഡീസൽ വാഹനങ്ങൾ അംഗീകൃത റിട്രോഫിറ്റ്‌മെന്റ് കിറ്റുകൾ ഉപയോഗിച്ച് സിഎൻജി (CNG) അല്ലെങ്കിൽ എൽപിജി (LPG) ലേക്ക് മാറ്റാം.
• പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരണം: പരമ്പരാഗത ഇന്ധന വാഹനം (ICE) ഇലക്ട്രിക് വാഹനമായി (EV) മാറ്റാൻ അംഗീകൃത കൺവേർഷൻ കിറ്റുകൾ ഉപയോഗിക്കാം.
• ഭിന്നശേഷി സൗഹൃദമാക്കൽ: ഭിന്നശേഷിക്കാർക്ക് സുഗമമായി ഉപയോഗിക്കാവുന്ന രീതിയിൽ ബ്രേക്ക്, ആക്സിലറേറ്റർ അല്ലെങ്കിൽ ക്ലച്ച് എന്നിവയിൽ മാറ്റങ്ങൾ വരുത്തി വാഹനം രൂപമാറ്റം ചെയ്യാം.
അംഗീകൃത വർക്ക്ഷോപ്പുകൾ മാത്രം
വാഹന നിർമാതാക്കൾ (OEM), വാഹന കമ്പനി ഡീലർമാർ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക്ഷോപ്പുകൾ എന്നിവ വഴി മാത്രമേ ഇന്ധന മാറ്റവും ഭിന്നശേഷി സൗഹൃദമാക്കലും നടത്താവൂ. ഈ ഏഴ് മാറ്റങ്ങൾ അല്ലാതെയുള്ള മറ്റ് നിയമവിരുദ്ധ രൂപമാറ്റങ്ങൾ (അമിത ശബ്ദമുള്ള സൈലൻസറുകൾ, ഹോണുകൾ, നിയമവിരുദ്ധമായ ലൈറ്റുകൾ) ഇപ്പോഴും കർശനമായി നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരെ പരിശോധന ശക്തമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Key Words : Vehicle modification


COMMENTS