ന്യൂഡൽഹി: പാകിസ്താനും ചൈനയുമായി അമേരിക്ക വളർത്തിയെടുക്കുന്ന സൗഹൃദത്തിൽ ഇന്ത്യക്ക് ആശങ്ക വേണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി...
ന്യൂഡൽഹി: പാകിസ്താനും ചൈനയുമായി അമേരിക്ക വളർത്തിയെടുക്കുന്ന സൗഹൃദത്തിൽ ഇന്ത്യക്ക് ആശങ്ക വേണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മറ്റൊരു രാജ്യവുമായുള്ള വാഷിംഗ്ടണിന്റെ ബന്ധം ഒരിക്കലും ഇന്ത്യയുടെ താല്പര്യങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങളെ 1970-കളിലെ നിക്സൺ-കിസിഞ്ചർ കാലഘട്ടവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ റൂബിയോ പറഞ്ഞു. 1970-കളിൽ ജനറൽ യഹിയാ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ സൈനിക ഭരണകൂടത്തോട് അമേരിക്ക പരസ്യമായ ആഭിമുഖ്യം പുലർത്തിയിരുന്നു. എന്നാൽ അന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളതെന്നും, ശീതയുദ്ധ കാലത്തെ സമവാക്യങ്ങൾ ഇപ്പോൾ നിലവിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്താൻ പ്രതിരോധ മേധാവി ആസിം മുനീറുമായി ട്രംപ് ഭരണകൂടം നടത്തുന്ന ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്, ലോകത്തെ ഒരു രാജ്യവുമായുള്ള ബന്ധവും ഇന്ത്യയുമായുള്ള താല്പര്യങ്ങൾക്ക് വിരുദ്ധമല്ലെന്നായിരുന്നു റൂബിയോയുടെ മറുപടി. തൻ്റെ ഇന്ത്യൻ സന്ദർശനവും, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകളിലെ പുരോഗതിയും സംയുക്ത നീക്കങ്ങളും ഇതിന് തെളിവാണ്.
പാകിസ്താനുമായി അമേരിക്ക പുലർത്തുന്ന ബന്ധം ഇന്ത്യക്ക് അനുകൂലമായി ഉപയോഗിക്കാൻ കഴിയും. മേഖലയിൽ ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന പ്രവൃത്തികളിൽ നിന്നും സംഘർഷ സാധ്യതകളിൽ നിന്നും പാകിസ്താനെ പിന്തിരിപ്പിക്കാൻ തങ്ങളുടെ സ്വാധീനത്തിലൂടെ സാധിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം, യുക്രെയ്നിൽ തുടരുന്ന റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിലെ സങ്കീർണ്ണതകളും അഭിമുഖത്തിൽ സമ്മതിച്ചു. എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന ഒന്നായിരുന്നുവെങ്കിൽ ഈ യുദ്ധം വളരെ മുൻപ് തന്നെ അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Marco Rubio, US-Pakistan


COMMENTS