അബുദാബി: യുഎഇയിൽ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ നിർണായക ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവായി. കൊലക്കേസുകളിൽ ഇരയുടെ കുടുംബം പ്രതിക്ക് മാപ്പുനൽകിയാലു...
അബുദാബി: യുഎഇയിൽ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ നിർണായക ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവായി. കൊലക്കേസുകളിൽ ഇരയുടെ കുടുംബം പ്രതിക്ക് മാപ്പുനൽകിയാലും ശിക്ഷാ കാലാവധിയിൽ വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ടയാളുടെ കുടുംബം 'ഖിസാസ്' (രക്തത്തിന് രക്തം എന്ന പകരം വീട്ടാനുള്ള അവകാശം) വേണ്ടെന്നു വെക്കുകയും, പ്രതിക്ക് മാപ്പ് നൽകാൻ തയാറാകുകയും ചെയ്താലും പ്രതി അനുഭവിക്കേണ്ട കുറഞ്ഞ തടവുശിക്ഷ 7 വർഷത്തിൽ നിന്ന് 15 വർഷമായി ഉയർത്തി.
കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും നിയമവ്യവസ്ഥ കൂടുതൽ കർശനമാക്കുന്നതിനുമായാണ് പുതിയ നിയമ ഭേദഗതി. ഇരയുടെ കുടുംബം മാപ്പ് നൽകിയാലും പ്രതികൾക്ക് നിയമത്തിന്റെ പിടിയിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് യുഎഇ സർക്കാരിന്റെ ഈ പുതിയ നടപടി.
മാപ്പ് ലഭിക്കുന്ന കേസുകളിൽ മുൻപ് പ്രതികൾക്ക് ലഭിച്ചിരുന്ന ഇളവുകളിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൊലപാതക കേസുകളിൽ പ്രതിയാക്കപ്പെടുന്നവർക്ക് കുറഞ്ഞത് 15 വർഷമെങ്കിലും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
Key Words : UAE, Murder case


COMMENTS