അമരാവതി: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരസംഘടനയ്ക്ക് ഇന്ത്യയുടെ സുപ്രധാന പ്രതിരോധ വിവരങ്ങളും നാവികസേനാ രഹസ്യങ്ങളും ചോർത്തി ന...
അമരാവതി: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരസംഘടനയ്ക്ക് ഇന്ത്യയുടെ സുപ്രധാന പ്രതിരോധ വിവരങ്ങളും നാവികസേനാ രഹസ്യങ്ങളും ചോർത്തി നൽകിയ കേസിൽ രണ്ടുപേരെ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ അറസ്റ്റ് ചെയ്തു. 'ഓപ്പറേഷൻ ഫയർവാൾ 2026' എന്ന് പേരിട്ട സംയുക്ത നീക്കത്തിലൂടെയാണ് വൻ ചാരശൃംഖലയെ സുരക്ഷാ ഏജൻസികൾ തകർത്തത്.
വിശാഖപട്ടണത്ത് നാവികസേനാ ഉദ്യോഗസ്ഥർക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന സിവിൽ ഡ്രൈവർ അന്നം സായ് വരപ്രസാദ്, തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള നേവി ജീവനക്കാരൻ പ്രദീപ് മുഖർജി എന്നിവരാണ് അറസ്റ്റിലായത്. കേസിൽ 13 നാവികസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിനെട്ടോളം പേർ നിലവിൽ അന്വേഷണ പരിധിയിലാണെന്നാണ് വിവരം.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾ വഴി വനിതാ പാക് ഏജന്റുമാർ ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രണയക്കുരുക്കിൽ വീഴ്ത്തിയാണ് രഹസ്യങ്ങൾ ചോർത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാട്‌സ്ആപ്പ് ആക്ടിവേഷനുള്ള ഒടിപികളും വിശാഖപട്ടണം നേവൽ ബേസ് അടക്കമുള്ള തന്ത്രപ്രധാന പ്രതിരോധ മേഖലകളുടെ വിവരങ്ങളുമാണ് ഇവർ കൈമാറിയത്. വിവരങ്ങൾക്ക് പകരമായി പ്രതികൾ വൻതോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതിനായുള്ള സാമ്പത്തിക ഇടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ചാരപ്രവർത്തനം സംബന്ധിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്നിനാണ് സുരക്ഷാ ഏജൻസികൾ രാജ്യവ്യാപകമായി റെയ്ഡ് ആരംഭിച്ചത്. കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഡൽഹി ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിരുന്നു പരിശോധന.
വിവിധ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സേനകളും നാവികസേനയും സംയുക്തമായാണ് കൗണ്ടർ ഇന്റലിജൻസ് സെല്ലിനൊപ്പം ഈ ഓപ്പറേഷനിൽ പങ്കാളികളായത്.
നിലവിൽ അറസ്റ്റിലായ പ്രതികളെ ഒക്ടോബർ 14 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ഊർജിതമായി തുടരുകയാണ്.
Key Words : Arrest, Pakistani Intelligence Agency, Honey Trap


COMMENTS