ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി). വോട്ടർപട്ടിക പുതുക്കലുമ...
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി). വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രത്യേക തീവ്ര പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും സഖ്യകക്ഷികളും രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര.
രാഹുൽ ഗാന്ധി വിമാനത്തിനുള്ളിൽ ഇരിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ബിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പരിഹാസവുമായി രംഗത്തെത്തിയത്.
"നുണകൾ പ്രചരിപ്പിച്ച് മടുത്തു... കുറച്ചു ദിവസം വിയറ്റ്നാമിൽ കറങ്ങി വരാം, ആരറിയാനാണ്!" എന്ന അടിക്കുറിപ്പോടെയാണ് ബിജെപി വീഡിയോ പങ്കുവെച്ചത്. രാജ്യത്ത് പ്രധാനപ്പെട്ട രാഷ്ട്രീയ പ്രതിഷേധങ്ങൾ നടക്കുമ്പോഴും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി രാഹുൽ ഗാന്ധി വിദേശത്ത് അവധിയാഘോഷിക്കുകയാണെന്ന് ബിജെപി വക്താക്കൾ കുറ്റപ്പെടുത്തി. നവരാത്രി, വിജയദശമി തുടങ്ങിയ പ്രധാന ആഘോഷവേളകളിൽ അദ്ദേഹം രാജ്യത്തില്ലാത്തതിനെയും ബിജെപി നേതാക്കൾ വിമർശിച്ചു.
ഗോവയിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ഗോയ് രാഖോൺ യാത്ര'യിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് രാഹുൽ വിയറ്റ്നാമിലെ ഹനോയിയിലേക്ക് തിരിച്ചത്. അതേസമയം, ബിജെപിയുടെ പരിഹാസങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന ചുമതലകൾക്കൊപ്പം തന്നെ രാഹുൽ ഗാന്ധിക്ക് സ്വന്തമായി ഒരു വ്യക്തിജീവിതമുണ്ടെന്നും, തന്റെ ഒഴിവുസമയങ്ങളിൽ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ അദ്ദേഹത്തിന് പൂർണ്ണ അവകാശമുണ്ടെന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വ്യക്തമാക്കി.
പാർലമെന്റ് സമ്മേളന വേളകളിൽ പോലും വിദേശയാത്രകൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകാല യാത്രകളെ ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത്. വിദേശ സന്ദർശന വേളകളിൽ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളുമായും അന്താരാഷ്ട്ര ബുദ്ധിജീവികളുമായും സംവദിച്ച് രാഹുൽ സമയം ഫലപ്രദമായാണ് ഉപയോഗിക്കാറുള്ളതെന്നും പാർട്ടി കൂട്ടിച്ചേർത്തു.
Key Words : BJP, Rahul Gandhi, Vietnam Trip


COMMENTS