മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ 33-കാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തു. നിരോധിത...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ 33-കാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തു. നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുംബൈ മാഹിം സ്വദേശി മുഹമ്മദ് ഹസൻ അബു സർമദ് അക്തറാണ് അറസ്റ്റിലായത്. സംശയം തോന്നാതിരിക്കാൻ ഇയാൾ മുംബൈയിൽ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറായും അത്തർ വിൽപ്പനക്കാരനായും ജോലി ചെയ്തുവരികയായിരുന്നു.
പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ഇയാൾ ഭീഷണി സ്വരത്തിലുള്ള അധിക്ഷേപകരമായ കമന്റ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് എടിഎസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലാകുന്നത്. ബിഹാർ സ്വദേശിയായ ഇയാൾ കഴിഞ്ഞ പത്ത് വർഷമായി മുംബൈയിലാണ് താമസം.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ച എടിഎസ് സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 'ഇന്ത്യൻ മുസ്ലിം' എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പ് വഴി ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകളും മറ്റ് തീവ്രവാദ ആശയങ്ങളും ഇയാൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തി. കൂടാതെ വർഗീയ വിദ്വേഷം വളർത്തുന്ന നിരവധി ഉള്ളടക്കങ്ങളും ഫോണിൽ ഉണ്ടായിരുന്നു.
എടിഎസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ മാഹിം പൊലീസിന് കൈമാറി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 26 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും എടിഎസ് അന്വേഷിച്ചുവരികയാണ്.
Key Words : Threat, Prime Minister Modi, Jaish-e-Mohammed, Arrest

COMMENTS