തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ച സർക്കാർ നടപടി പൂർണ്ണമായും തെറ്റാണെന്നും അത് അ...
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ച സർക്കാർ നടപടി പൂർണ്ണമായും തെറ്റാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. ശമ്പളവർധനവിലൂടെ തനിക്ക് ലഭിക്കുന്ന അധിക തുകയോ പുതുക്കിയ ആനുകൂല്യങ്ങളോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും, എംഎൽഎ എന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ തുകയും തന്റെ മണ്ഡലമായ നേമത്തിലെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മാസങ്ങളായി സമരം ചെയ്യുന്ന ആശാ വർക്കർമാർ, പിഎസ്സി ഉദ്യോഗാർഥികൾ തുടങ്ങിയവരുടെ ന്യായമായ ആവശ്യങ്ങൾക്ക് പണമില്ലെന്ന് പറയുന്ന സർക്കാരാണ് ജനപ്രതിനിധികളുടെ ശമ്പളം കുത്തനെ കൂട്ടിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ബിൽ പ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് 1.08 ലക്ഷത്തിൽ നിന്ന് 1.33 ലക്ഷം രൂപയായും ഉയരും.
ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തുകളിച്ചാണ് നിയമസഭയിൽ ഈ ബിൽ പാസാക്കിയതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാരും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ഈ ഒത്തുകളിയിലൂടെ വ്യക്തമായിരിക്കുകയാണ്. സഭയിൽ യാതൊരു എതിർപ്പുമില്ലാതെയാണ് ബിൽ പാസാക്കിയത്. വർധിപ്പിച്ച തുക പൂർണ്ണമായും നേമത്തെ വികസന പ്രവർത്തനങ്ങൾക്കും പാവപ്പെട്ടവരെ സഹായിക്കാനും മാത്രമായിരിക്കും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ ഔദ്യോഗിക പ്രസ്താവനയിലൂടെയും തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Key Words : MLA, Salary, Rajeev Chandrasekhar

COMMENTS