ഒംഗോൾ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുപടിക്കലെ കസേരയിൽ ഇരുത്തി പ...
ഒംഗോൾ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുപടിക്കലെ കസേരയിൽ ഇരുത്തി പ്രതി കടന്നുകളഞ്ഞു. നാഗുലുപ്പലപ്പാട് മണ്ഡലത്തിലെ ചദൽവാഡ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കോളനിയിൽ താമസിക്കുന്ന ആനന്ദ് (25) എന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
ദിവസവേതന തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കായി ഹൈദരാബാദിലേക്ക് പോയതിനെ തുടർന്ന് ഗ്രാമത്തിലെ മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വീടിന് പുറത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം കുട്ടി നിലവിളിക്കാതിരിക്കാൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ പ്രതി കുട്ടിയുടെ മൃതദേഹം വീട്ടുപടിക്കലുള്ള കസേരയിൽ കൊണ്ടുവന്ന് ഇരുത്തിയ ശേഷം ഒളിവിൽ പോയി. പുലർച്ചെ ഉണർന്ന മുത്തശ്ശി കസേരയിൽ ചലനമറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ റിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുറ്റകൃത്യത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ തിങ്കളാഴ്ച പുലർച്ചെ ഗ്രാമവാസികൾ ചേർന്ന് പിടികൂടി. ക്രൂരമർദ്ദനത്തിന് ഇരയാക്കിയ ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പ്രതി കഞ്ചാവിനും മറ്റ് ലഹരിവസ്തുക്കൾക്കും അടിമയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ദേശീയപാത 216 ഉപരോധിച്ച് വൻ പ്രതിഷേധം നടത്തി.
പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Key Words : Rape Case

COMMENTS