തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കി....
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കി. മുൻ ജനപ്രതിനിധികളുടെ പെൻഷനിലും ഗണ്യമായ വർധനവ് വരുത്തിയിട്ടുണ്ട്. ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായാണ് ബില്ലുകൾക്ക് അംഗീകാരം നൽകിയത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ജനപ്രതിനിധികളുടെ ശമ്പള ഘടന പരിഷ്കരിക്കുന്നത്. പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം എം.എൽ.എമാരുടെ പ്രതിമാസ ശമ്പളം നിലവിലെ 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ ശമ്പളം 1.08 ലക്ഷം രൂപയിൽ നിന്ന് 1.22 ലക്ഷം മുതൽ 1.33 ലക്ഷം രൂപ വരെയായാണ് വർധിപ്പിച്ചത്.
ശമ്പളത്തിന് പുറമെ എം.എൽ.എമാരുടെ അലവൻസുകളിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. മണ്ഡലം അലവൻസ് 25,000 രൂപയിൽ നിന്ന് 35,000 രൂപയായും, സ്റ്റാഫ് അലവൻസ് 20,000 രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തി. കിലോമീറ്റർ ബത്ത 10 രൂപയിൽ നിന്ന് 15 രൂപയായും, സംസ്ഥാനത്തിനകത്തെ പ്രതിദിന സിറ്റിങ് ഫീസ് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും പുതുക്കി നിശ്ചയിച്ചു. പലിശരഹിത വാഹന വായ്പയുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
എം.എൽ.എമാരുടെ മിനിമം പെൻഷൻ 8,000 രൂപയിൽ നിന്ന് 10,000 രൂപയാക്കി. അഞ്ച് വർഷത്തെ പൂർണ്ണ കാലാവധി തികച്ചവർക്ക് ഇനി മുതൽ 25,000 രൂപ പെൻഷൻ ലഭിക്കും (നിലവിൽ 20,000 രൂപ). അഞ്ച് വർഷത്തിന് ശേഷമുള്ള ഓരോ വർഷത്തിനും അധികമായി നൽകുന്ന തുക 1,000 രൂപയിൽ നിന്ന് 1,500 രൂപയായി ഉയർത്തി. ഇതോടെ മുൻ സഭാംഗങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി പെൻഷൻ പരിധി പ്രതിമാസം 60,000 രൂപയായി നിജപ്പെടുത്തി.
പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മണ്ഡലങ്ങളിലെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കുള്ള ഭാരിച്ച ചെലവുകളുമാണ് ശമ്പള പരിഷ്കരണത്തിന് കാരണമായി ബില്ലിൽ വ്യക്തമാക്കുന്നത്. പുതിയ ശമ്പള-പെൻഷൻ വർധനവ് വഴി സംസ്ഥാന ഖജനാവിന് പ്രതിവർഷം 6.91 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
Key Words : MLA, Legislative Assembly


COMMENTS