തിരുവനന്തപുരം : തദ്ദേശ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പോരില്ലെന്നും എന്നാൽ മത്സരമുണ്ടെന്നും വ്യക്തമാക്കി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക...
തിരുവനന്തപുരം : തദ്ദേശ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പോരില്ലെന്നും എന്നാൽ മത്സരമുണ്ടെന്നും വ്യക്തമാക്കി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ രംഗത്തെത്തി. മാലിന്യമുക്ത പ്രവർത്തനത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പിന് കീഴിൽ രണ്ട് വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ദിവ്യയുടെ പ്രതികരണം. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ 'നിർമലമെന്നും', പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ 'ഐ.സി. 100 ചലഞ്ച്' എന്ന പേരിലുമാണ് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നത്. അഞ്ച് വർഷത്തേക്കുള്ള 'നിർമല' പദ്ധതിയിൽ പ്രിൻസിപ്പൽ ഡയറക്ടർക്ക് വലിയ റോളൊന്നുമില്ലാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു.
ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ ദിവ്യ തന്റെ നിലപാട് വ്യക്തമാക്കിയത്. "വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്. അതു മാത്രമാണ് പോര്" എന്ന ആദി എന്ന യുവകവിയുടെ കവിതാശകലമാണ് അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഉദ്ധരിച്ചത്. താൻ മനുഷ്യരെ സ്നേഹിക്കുകയും പുൽകുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നും, എന്നാൽ ഇപ്പോൾ കേൾക്കുന്ന പോരും മത്സരവും ചേരിതിരിവുമൊക്കെ തന്നെയോ തന്റെ നിലപാടുകളെയോ ബാധിക്കുന്നതല്ലെന്നും ദിവ്യ കുറിച്ചു. ഔദ്യോഗികമായി കൃത്യമായ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കർമ്മപദ്ധതികൾ നടപ്പിലാക്കിയതെന്നും, അതിനാൽ ഭാവനാവിരാജിതമായ പ്രചാരണങ്ങൾക്ക് വിരാമമിടണമെന്നും അവർ അഭ്യർത്ഥിച്ചു. എന്നാൽ വകുപ്പിൽ പോരില്ലെന്നും ആരോഗ്യകരമായ മത്സരമാണെന്നുമുള്ള നിലപാടാണ് വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കിയിട്ടുള്ളത്.
Key words : Divya S Ayyer


COMMENTS