ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) എതിരെ താൻ നടത്തിയ പരാമർശത്തിൽ കടുത്ത അതൃപ്തി ഉയർന്നതിന് പിന്നാലെ സി.പി.ഐ.എം നേതൃത്വത്തോട് വിശ...
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) എതിരെ താൻ നടത്തിയ പരാമർശത്തിൽ കടുത്ത അതൃപ്തി ഉയർന്നതിന് പിന്നാലെ സി.പി.ഐ.എം നേതൃത്വത്തോട് വിശദീകരണവുമായി പി. സരിൻ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ തനിക്ക് സംഭവിച്ചത് ഗുരുതരമായ നാക്കുപിഴയാണെന്നും, പാർട്ടിയുടെ എന്ത് തിരുത്തൽ നടപടികൾക്കും വിധേയനാകാൻ തയ്യാറാണെന്നും സരിൻ വ്യക്തമാക്കി.
എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന സി.പി.ഐ.എം നേതാക്കളുമായി സരിൻ ഫോണിൽ സംസാരിച്ച് ഖേദപ്രകടനം നടത്തി. ഇതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചു. മാധ്യമങ്ങളോട് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ നിലപാടല്ലെന്നും സരിൻ വ്യക്തമാക്കി.
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ പോരാടുന്ന യുവജന പ്രസ്ഥാനമായ സിജെപിക്കെതിരെ ഇത്തരമൊരു രാഷ്ട്രീയ പ്രസ്താവന നടത്തിയതിലെ അനൗചിത്യം വൈകിയാണ് തിരിച്ചറിഞ്ഞതെന്നും, ഒരു അച്ചടക്കമുള്ള പാർട്ടി അംഗമായി തെറ്റ് തിരുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
സിജെപി എന്നത് ഒരു ആർ.എസ്.എസ് പദ്ധതിയാണെന്നും, അവരുടെ ലക്ഷ്യങ്ങളിൽ സംശയമുണ്ടെന്നുമായിരുന്നു സരിന്റെ വിവാദ പരാമർശം. എന്നാൽ, എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകൾ സിജെപിയുടെ സമരങ്ങൾക്ക് ഒപ്പം അണിചേരുന്ന സാഹചര്യത്തിൽ സരിൻ നടത്തിയ ഈ പ്രസ്താവന സി.പി.ഐ.എമ്മിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമാവുകയായിരുന്നു. ഇതിനെത്തുടർന്നാണ് പാർട്ടി നേതൃത്വം സരിനോട് വിശദീകരണം തേടിയത്.
Key Words : CJP, CPM, Sarin, P. Sarin


COMMENTS