ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും കടുത്ത രാഷ്ട്രീയ ആക്രമണവുമായി ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ...
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും കടുത്ത രാഷ്ട്രീയ ആക്രമണവുമായി ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ രംഗത്ത്. രാഹുൽ ഗാന്ധി രാജ്യത്ത് അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാൻ ശ്രമിക്കുന്ന നേതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ ജനാധിപത്യത്തെ കൊലപ്പെടുത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമീപകാല തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇതേക്കുറിച്ച് രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ വെറും ആരോപണങ്ങൾ ഉന്നയിച്ചതല്ലാതെ, അതിനെ സാധൂകരിക്കുന്ന യാതൊരുവിധ തെളിവുകളും കൈമാറാൻ കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തിരഞ്ഞെടുപ്പുകളിൽ തോൽവി ഭയക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ആക്ഷേപിക്കുന്നത് കോൺഗ്രസിന്റെ പതിവുരീതിയാണെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത് വ്യക്തമായ തെളിവുകളാണെന്നും, അല്ലാതെ തെളിവുകളില്ലാത്ത രാഷ്ട്രീയ ആരോപണങ്ങളല്ലെന്നും പറഞ്ഞ ഠാക്കൂർ, ഇത്തരം വസ്തുതാവിരുദ്ധമായ വാദങ്ങൾ ജനം തള്ളിക്കളയുമെന്നും വ്യക്തമാക്കി.
Key Words : Rahul Gandhi, Congress, Anurag Thakur.

COMMENTS