തിരുവനന്തപുരം: നഗരസഭയിലെ ബിജെപിയിൽ ഉയർന്നുവന്ന ആഭ്യന്തര തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും താൽക്കാലിക ശമനം. ബിജെപി കോർപ്പറേഷൻ കൗൺസിലറായ ആർ....
തിരുവനന്തപുരം: നഗരസഭയിലെ ബിജെപിയിൽ ഉയർന്നുവന്ന ആഭ്യന്തര തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും താൽക്കാലിക ശമനം. ബിജെപി കോർപ്പറേഷൻ കൗൺസിലറായ ആർ. ശ്രീലേഖ തന്റെ രാജി തീരുമാനം പിൻവലിച്ചു.
ബിജെപി നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചകളെയും അനുനയ നീക്കങ്ങളെയും തുടർന്നാണ് രാജി പിൻവലിക്കാൻ ശ്രീലേഖ തയ്യാറായതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കാൻ തീരുമാനമെടുത്തത്. ഇത് ബിജെപി പ്രാദേശിക നേതൃത്വത്തിലും പാർട്ടി വോട്ടർമാർക്കിടയിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
എന്നാൽ സാഹചര്യം വഷളാകാതിരിക്കാൻ പാർട്ടി മുതിർന്ന നേതാക്കൾ നേരിട്ടെത്തി ശ്രീലേഖയുമായി ആശയവിനിമയം നടത്തുകയും ഉയർന്ന പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയുമായിരുന്നു.
നേതൃത്വത്തിന്റെ ഉറപ്പിൽ തൃപ്തയായതോടെയാണ് രാജി പിൻവലിക്കാൻ ആർ. ശ്രീലേഖ തീരുമാനിച്ചതെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നീക്കങ്ങൾക്കും നഗരസഭയിലെ പാർട്ടി പ്രവർത്തനങ്ങൾക്കും ശ്രീലേഖയുടെ തീരുമാനം വലിയ ആശ്വാസമാണ് ബിജെപി ക്യാമ്പിന് നൽകിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രീലേഖ വീണ്ടും സജീവമാകുമെന്നാണ് സൂചന.
101 അംഗ കൗണ്‍സിലില്‍ സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിച്ചിരുന്നത്.
കോര്‍പറേഷനിലെ അംഗബലം
- ആകെ സീറ്റ് 101
- ബിജെപി 49
- എല്‍ ഡി എഫ് 29,
- യുഡിഎഫ് 20
- സ്വതന്ത്രര്‍ 2.
ബിജെപിയുടെ 49 കൗണ്‍സിലര്‍മാരില്‍ ഒരാളായ സുഗതന്‍ കാപ കേസില്‍ പ്രതിയായി ജയിലിലുമാണ്. ഇതും പാര്‍ട്ടി നേതൃത്വത്തെ വിഷമസന്ധിയിലാക്കുന്ന മറ്റൊരു കാര്യമാണ്.
ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ശ്രീലേഖ വിജയിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അവര്‍. മേയറാക്കാമെന്ന വാഗ്ദാനം നല്കിയായിരുന്നു അവരെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍, ഭരണം കൈവന്നപ്പോള്‍ വിവി രാജേഷിനെ ബിജെപി മേയറാക്കുകയായിരുന്നു. രാജേഷ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോയിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനമെങ്കിലും കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പാര്‍ട്ടി അതിനും തയ്യാറായിരുന്നില്ല.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ബി.ജെ.പിയില്‍ ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തത്.
തുടര്‍ന്നു വട്ടിയൂര്‍കാവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീലേഖയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നുവെങ്കിലും അവര്‍ മൂന്നാം സ്ഥാനത്തായിപ്പോയിരുന്നു. ബിജെപി ജയസാദ്ധ്യത കല്പിച്ച സീറ്റുകളിലൊന്നായിരുന്നു വട്ടിയൂര്‍ക്കാവ്.
ഐപിഎസ് സര്‍വീസിലിരിക്കെ പോലീസ് സേനയ്ക്കുള്ളില്‍ നേരിടേണ്ടി വന്ന അവഗണനകളും, പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ ഇടപെടലുകളും തന്റെ അനുഭവക്കുറിപ്പുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും (സസ്‌നേഹം ശ്രീലേഖ) അവര്‍ തുറന്നുപറഞ്ഞിരുന്നു.
key words : R. Sreelekha, Resignation

COMMENTS