കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ കോടികളുടെ നിർമ്മാണ കരാർ നൽകിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വ...
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ കോടികളുടെ നിർമ്മാണ കരാർ നൽകിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് സി.പി.എം. നേതാവ് പി.പി. ദിവ്യ. "ഉപ്പ് തിന്നവർ വെള്ളം കുടിക്കും… ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും!" എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ദിവ്യ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏത് തരത്തിലുള്ള അന്വേഷണത്തോടും പൂർണ്ണമായി സഹകരിക്കുമെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ആരെയും ഭയക്കാനില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികൾ പാലിക്കാതെ 'കാർട്ടൺ ഇന്ത്യ' എന്ന സ്വകാര്യ കമ്പനിക്ക് കോടികളുടെ നിർമ്മാണ കരാർ നൽകിയെന്നാണ് പി.പി. ദിവ്യക്കെതിരെയുള്ള പ്രധാന ആരോപണം. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
കരാർ നൽകിയതിൽ വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി പി.പി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തുമെന്നാണ് വിവരം. കൊട്ടേഷൻ നൽകിയതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് അന്വേഷണത്തെ പൂർണ്ണമായി സ്വാഗതം ചെയ്തുകൊണ്ട് മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ രംഗത്തെത്തിയിരിക്കുന്നത്.
Key Words : P.P. Divya

COMMENTS