തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണ...
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നല്‍കിയെന്നാണ് റിപ്പോർട്ട്.
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണം നടത്തുക. കൂടാതെ, കരാർ ഏറ്റെടുത്ത പതിബെല്‍ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു.
എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ഗ്യാനേഷ്കുമാറിന് കുരുക്കായത്. കോണ്‍ഗ്രസിന്റ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് 20 വർഷം മുൻപുള്ള സംഭവത്തിലെ അന്വേഷണം. കോണ്‍ഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിൻ്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിൻ്റെ നടപടി.
തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഗ്യാനേഷിനെതിരെയുള്ള ദേശീയ തലത്തിലെ പ്രതിഷേധത്തിനിടെയാണ് പുതിയ നീക്കം. വർഷങ്ങള്‍ക്ക് മുമ്പ് തീർപ്പാക്കിയ ഫയല്‍ ആണ് വീണ്ടും തുറക്കുന്നത്. രാഹുല്‍ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് മുമ്പ് രമേശ് ചെന്നിത്തല കേസ് വിവരങ്ങള്‍ പരിശോധിച്ചിരുന്നു.
പാവം മലേഷ്യന്‍ എന്‍ജിനീയറുടെ ആത്മഹത്യയ്ക്കു കാരണക്കാരന്‍ ഗ്യാനേഷ് കുമാര്‍: ചര്‍ച്ചയായി തോമസ് ഐസക്കിന്റെ പോസ്റ്റ്
തിരുവനന്തപുരം: 2006-ലെ എം.സി. റോഡ്-കെ.എസ്.ടി.പി അഴിമതിയും മലേഷ്യന്‍ എഞ്ചിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ ധനമന്ത്രിയും സി.പി.എം നേതാവുമായ ടി.എം. തോമസ് ഐസക് ഉന്നയിച്ച ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായി മാറുന്നു.
2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ, ഗ്യാനേഷ് കുമാറിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണങ്ങളും വിജിലന്‍സ് അന്വേഷണവും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് വീണ്ടും സജീവ ചര്‍ച്ചയാക്കിയിരിക്കുന്നത്.
ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിയ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റിന്റെ ഭാഗമായഎം സി റോഡ് വികസനത്തിന്റെ കരാര്‍ മലേഷ്യന്‍ കമ്പനിയായ 'പതി'യും പ്രാദേശിക പങ്കാളിയായ ഭഗീരഥ കണ്‍സ്ട്രക്ഷന്‍സും ചേര്‍ന്നു രൂപീകരിച്ച പതിബെല്‍ എന്ന കമ്പനിക്കാണ് നല്‍കിയിരുന്നത്. 216 കോടി രൂപയുടെ കരാറായിരുന്നു ഇത്.
റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം സമയബന്ധിതമായി വിട്ടുനല്‍കാന്‍ പി.ഡബ്ല്യു.ഡി പരാജയപ്പെട്ടു എന്ന് കമ്പനി ആരോപിച്ചിരുന്നു. കൈമാറിയ സ്ഥലങ്ങളില്‍ പോലും പ്രവൃത്തികള്‍ കൃത്യമായി നടന്നില്ല എന്ന് ആരോപിച്ചു കൊണ്ട് കമ്പനിയുടെ ബില്ലുകള്‍ പൊതുമരാമത്ത് വകുപ്പ് തടഞ്ഞുവച്ചു.
ഈ വിവാദങ്ങള്‍ക്കിടയില്‍, പതിബെല്‍ കമ്പനിയുടെ കേരളത്തിലെ പ്രൊജക്റ്റ് ഓഫീസറായിരുന്ന മലേഷ്യന്‍ എഞ്ചിനീയര്‍ ലീ ബിന്‍ സീന്‍ 2006 നവംബറില്‍ മലേഷ്യയിലെ ക്വാലാലംപൂരിലെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തു. തന്റെ സ്വത്തുക്കള്‍ വിറ്റ് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ വേണ്ട ഇടപാടെല്ലാം ചെയ്ത ശേഷമായിരുന്നു ലീ ബിന്‍ സീന്‍ ആത്മഹത്യ ചെയ്തത്.
അദ്ദേഹം എഴുതിവച്ച ആത്മഹത്യാ കുറിപ്പില്‍, കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നു കടുത്ത മാനസിക പീഡനവും അഴിമതിയും നേരിടേണ്ടി വന്നതായി വ്യക്തമാക്കിയിരുന്നു. അന്ന് പി.ഡബ്ല്യു.ഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ബില്ലുകള്‍ മാറുന്നതിന് തടസ്സം നിന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നതായി തോമസ് ഐസക് ആരോപിക്കുന്നു.
ഈ സംഭവം വലിയ വിവാദമായതിനെ തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ പി.ഡബ്ല്യു.ഡി സെക്രട്ടറി സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റി നിര്‍ത്തുകയും കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നീട് ഗ്യാനേഷ് കുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രതിരോധ മന്ത്രാലയത്തിലേക്ക് മാറുകയായിരുന്നു. അധികാരപരിധിയുടെ പ്രശ്‌നങ്ങളും ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവും കാരണം വിജിലന്‍സ് അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തു.
കരാര്‍ തര്‍ക്കങ്ങള്‍ മൂലം 2007-ല്‍ സര്‍ക്കാരിന് 35 കോടി രൂപ നഷ്ടപരിഹാരമായി കമ്പനിക്ക് നല്‍കേണ്ടിവന്നു. 216 കോടി രൂപ പ്രതീക്ഷിച്ച പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഏകദേശം 330 കോടിയിലധികം രൂപയായി വര്‍ദ്ധിച്ചു.
അന്ന് അഴിമതി ആരോപണത്തില്‍ പെട്ട ഉദ്യോഗസ്ഥന്‍ പിന്നീട് കേന്ദ്രത്തില്‍ ഉന്നത പദവികളില്‍ എത്തുകയും നിലവില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിക്കപ്പെടുകയും ചെയ്ത നടപടിയെ തോമസ് ഐസക് ചോദ്യം ചെയ്യുന്നു. ഗ്യാനേഷ് കുമാറിനെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ വരണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ഇതേസമയം, ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഏജന്റായി പ്രവര്‍ത്തിച്ചു എന്നതിന് ഇനി കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജനാധിപത്യത്തെ ബി.ജെ.പിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാര്‍ എന്ന് തെളിഞ്ഞതായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബി.ജെ.പിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ, ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലൊന്നിരുന്നുകൊണ്ട് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യാനേഷ് കുമാര്‍ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരരുത്.'
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധിയെപ്പറ്റി ഭരണഘടന തന്നെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങേയറ്റം സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ ക്രിമിനല്‍ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നും, അദ്ദേഹം ഈ സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും സതീശന്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയര്‍ന്ന ജനാധിപത്യ ബോധം എന്നിവയെല്ലാം ഗ്യാനേഷ് കുമാര്‍ അട്ടിമറിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബി.ജെ.പിയുമായി പരസ്പര സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷനെ അധഃപതിപ്പിച്ച ഗ്യാനേഷ് കുമാര്‍ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ കളങ്കപ്പെടുത്തുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Key Words : Chief Election Commissioner Gyanesh Kumar, Vigilance re-investigation


COMMENTS