കൊച്ചി : നെടുമ്പാശേരി വിമാനത്താവള റോഡില്‍ മൂന്ന് വിദ്യാർത്ഥികളുടെ ദാരുണ മരണത്തിനിടയാക്കിയ അതിവേഗ മിനി കൂപ്പർ കാറപകട കേസില്‍ പോലീസും മോട്ടോർ ...
കൊച്ചി : നെടുമ്പാശേരി വിമാനത്താവള റോഡില്‍ മൂന്ന് വിദ്യാർത്ഥികളുടെ ദാരുണ മരണത്തിനിടയാക്കിയ അതിവേഗ മിനി കൂപ്പർ കാറപകട കേസില്‍ പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ശക്തമാക്കുന്നു. അപകടത്തിന് കാരണമായ ആഡംബര കാറില്‍ നിയമവിരുദ്ധമായി നിരവധി രൂപമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന മോട്ടോർ വാഹന വകുപ്പിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലാണ് കേസില്‍ പുതിയ തിരിവായിരിക്കുന്നത്.
കമ്പനി നല്കിയ യഥാർത്ഥ സൈലൻസർ അഴിച്ചുമാറ്റി, അമിത ശബ്ദവും പുകയും പുറപ്പെടുവിക്കാൻ സാധിക്കുന്ന പ്രത്യേക സ്വിച്ച് കണ്‍ട്രോളോട് കൂടിയ വ്യാജ സൈലൻസറാണ് കാറില്‍ ഘടിപ്പിച്ചിരുന്നതെന്ന് എം വി ഡി ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ പരിശോനയില്‍ കണ്ടെത്തി.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഒന്നാം പ്രതി സുഹൈല്‍ സജീവ് കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന രക്തപരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ നിനവ്, ജോയല്‍, അമീർ എന്നിവർ ലഹരിയിലായിരുന്ന സുഹൈലിനെ വാഹനം പായിക്കുന്നതില്‍ നിന്ന് തടയാൻ ശ്രമിച്ചില്ലെന്ന ഗുരുതര വീഴ്ചയും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെ പ്രതികളായ നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം പൂർണ്ണമായും തള്ളിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവവും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് പ്രതികളെ റിമാൻഡില്‍ തുടരാൻ കോടതി ഉത്തരവിട്ടത്.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി, അപകടത്തില്‍പ്പെട്ട മിനി കൂപ്പർ കാറിന്റെ ഔദ്യോഗിക ആർ.സി ഉടമയായ സുഹൈലിന്റെ അമ്മ നൂഹ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിലും, ലഹരി ഉപയോഗിച്ച് അപകടകരമായി നിരത്തിലിറക്കാൻ അനുമതി നല്‍കിയതിലും ഉടമയെന്ന നിലയില്‍ നൂഹ സജീവിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് പോലീസ് ആഴത്തില്‍ അന്വേഷിക്കും. ഇതിനുപുറമെ, വൻ തുക മുടക്കി കാറില്‍ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് അങ്കമാലി ജോയിന്റ് ആർ.ടി.ഒ, സുഹൈലിന്റെ പിതാവിന് ഔദ്യോഗികമായി നോട്ടീസ് അയച്ചിട്ടുണ്ട്.
Key Words : Motor Vehicles Department , Mini Cooper accident

COMMENTS