കൊച്ചി: മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ എക്സൈസ് വകുപ്പിന്റെയും പോലീസിന്റെയും കർശന നടപടി. ...
കൊച്ചി: മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ എക്സൈസ് വകുപ്പിന്റെയും പോലീസിന്റെയും കർശന നടപടി. അപകടത്തിന് തൊട്ടുമുമ്പ് 19-കാരനായ പ്രധാന പ്രതിക്ക് നിയമവിരുദ്ധമായി മദ്യം വിളമ്പിയ കൊച്ചിയിലെ മൂന്ന് പ്രമുഖ ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സാംബശിവറാവു സസ്പെൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേരളത്തിലെ അബ്കാരി നിയമപ്രകാരം ബാറുകളിൽ നിന്ന് മദ്യം കഴിക്കാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. എന്നാൽ 19 വയസ്സ് മാത്രമുള്ള പ്രതിക്ക് നിയമം ലംഘിച്ച് മദ്യം നൽകിയതിനാണ് ദയ ബാർ (ദയ റീജൻസി) കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ കോർട്ട്യാർഡ് ബൈ മാരിയറ്റ്, നെടുമ്പാശ്ശേരി എന്നീ ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചത്.
അപകടസമയത്ത് കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിനവ്, ഇവർക്കൊപ്പം മദ്യപിച്ച അമീർ, ജോയൽ എന്നിവരെയാണ് പോലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. പ്രധാന പ്രതി സുഹൈലിനെതിരെ മനപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിക്കാൻ പ്രേരണ നൽകിയതിനാണ് മറ്റ് മൂന്ന് സുഹൃത്തുക്കളെ പ്രതി ചേർത്തത്.
അപകടസമയത്ത് മിനികൂപ്പർ കാർ മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇയാസ് (21), ഗോപിക (22), ദേവിക (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പ്രതി സുഹൈൽ സജീവിന്റെ ഡ്രൈവിംഗ് ലൈസൻസ് സ്ഥിരമായി റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബാറുടമകൾക്കെതിരെയും വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Key Words : Nedumbassery Accident, Suhail, Bar, License


COMMENTS