നെടുമ്പാശേരി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതികൾക്ക് കടുത്ത കുരുക്കായി വാട്സ്ആപ്പ് ശബ്ദസന്ദേ...
നെടുമ്പാശേരി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതികൾക്ക് കടുത്ത കുരുക്കായി വാട്സ്ആപ്പ് ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ കേസിലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദരേഖയാണ് പ്രോസിക്യൂഷൻ എറണാകുളം അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടാണ് പൊലീസ് ഈ നിർണായക ഡിജിറ്റൽ തെളിവ് കോടതിക്ക് കൈമാറിയത്.
അപകടത്തിന് മുൻപ് തങ്ങൾ ബാറിൽ പോയി മദ്യപിച്ചിരുന്നതായും ഒന്നാം പ്രതി സുഹൈൽ സജീവ് അമിതവേഗതയിലാണ് വാഹനമോടിച്ചതെന്നും ശബ്ദരേഖയിൽ ജോയൽ വ്യക്തമാക്കുന്നുണ്ട്. സുഹൈൽ മദ്യപിച്ചിരുന്ന വിവരം ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾക്കും കൃത്യമായി അറിയാമായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊബൈൽ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായും, പരിഭ്രാന്തരായ തങ്ങളോട് അവിടെനിന്ന് വേഗം രക്ഷപ്പെടാൻ മറുതലയ്ക്കൽ നിന്നും സുഹൃത്ത് നിർദേശിച്ചതായും ശബ്ദരേഖയിലുണ്ട്. അപകടമുണ്ടായ ഉടൻ ഒന്നാം പ്രതി സുഹൈൽ ആദ്യം വിളിച്ചത് സ്വന്തം പിതാവിനെയായിരുന്നു. 'എല്ലാം അച്ഛൻ നോക്കിക്കോളും' എന്ന് സുഹൈൽ നാട്ടുകാരോട് പറയുന്നത് കേട്ടാണ് ആളുകൾ പ്രതികളെ കൈയേറ്റം ചെയ്തതെന്നും സന്ദേശത്തിൽ പറയുന്നു.
‘മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് യുവതികളും ഒരു യുവാവുമാണ്. വിറയൽ ഇപ്പോഴും മാറിയിട്ടില്ല. നിനവ് ഇപ്പോ സ്റ്റേഷനിലാണ്. ജാമ്യം കിട്ടില്ല. സുഹൈൽ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. വാപ്പ നോക്കിക്കോളുമെന്ന് അവൻ നാട്ടുകാരോട് പറഞ്ഞു. നാട്ടുകാർ അത് കേട്ട് അടി തുടങ്ങി. നിനവിനും അടി കിട്ടി. അവസാനം പൊലീസ് വന്ന് കൊണ്ട് പോയി’– സന്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശേരി അത്താണി സിഗ്നലിന് സമീപമുണ്ടായ ദാരുണമായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്ന് യുവാക്കളാണ് മരിച്ചത്. ശബ്ദസന്ദേശമടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഒക്ടോബർ 28-ന് വിധി പറയും.
Key Words: Suhail, Accident

COMMENTS