ബെംഗളൂരു: പഴയൊരു വിവാദ പരാമർശത്തിന്റെ പേരിൽ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടി തടയുമെന്ന ഭീഷണിയെത്തുടർന്ന് കന്നഡ ജനതയോട് പരസ്യമായി മ...
ബെംഗളൂരു: പഴയൊരു വിവാദ പരാമർശത്തിന്റെ പേരിൽ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടി തടയുമെന്ന ഭീഷണിയെത്തുടർന്ന് കന്നഡ ജനതയോട് പരസ്യമായി മാപ്പ് ചോദിച്ച് പ്രശസ്ത ഗായകൻ സോനു നിഗം. ഒക്ടോബർ 24-ന് ബെംഗളൂരു ഭാരതീയ മാളിൽ നിശ്ചയിച്ചിരിക്കുന്ന പരിപാടിക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെ.ആർ.വി) സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് ഗായകൻ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്.
തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആയിരം തവണ മാപ്പ് പറയാനും തനിക്ക് മടിയില്ലെന്ന് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബെംഗളൂരുവിലെ ഒരു കോളേജ് പരിപാടിക്കിടെ കാണികളിലൊരാൾ കന്നഡയിൽ പാട്ടുപാടാൻ സോനു നിഗത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ താരം ഈ ആവശ്യത്തെ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തോടാണ് ഉപമിച്ചത്. കന്നഡ ഭാഷയോടുള്ള സ്നേഹത്തെ ഭീകരാക്രമണവുമായി താരതമ്യം ചെയ്തത് കന്നഡ ജനതയെ വലിയ രീതിയിൽ പ്രകോപിപ്പിക്കുകയും സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. കന്നഡ സിനിമ ലോകവും താരത്തിനെതിരെ രംഗത്തുവന്നിരുന്നു.
"കന്നഡ ജനത ഈ മുറിവ് മറന്നിട്ടില്ല" എന്ന് ചൂണ്ടിക്കാണിച്ചാണ് കെ.ആർ.വി സംസ്ഥാന പ്രസിഡന്റ് ടി.എ. നാരായണ ഗൗഡ ഒക്ടോബർ 24-ലെ സംഗീതപരിപാടിക്ക് അനുമതി നൽകരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടത്. പരിപാടിയുമായി മുന്നോട്ട് പോയാൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
പ്രതിഷേധം ശക്തമായതോടെയാണ് സോനു നിഗം ഇൻസ്റ്റാഗ്രാമിലൂടെയും വീഡിയോയിലൂടെയും ക്ഷമാപണവുമായി എത്തിയത്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും കന്നഡ ജനതയോടുള്ള ദീർഘകാലത്തെ ബന്ധം തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "എന്റെ അഹങ്കാരത്തേക്കാൾ വലുതാണ് എനിക്ക് കർണാടകത്തോടുള്ള സ്നേഹം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗായകന്റെ പരസ്യമായ ക്ഷമാപണത്തെത്തുടർന്ന് തങ്ങൾ നടത്താനിരുന്ന പ്രതിഷേധ പരിപാടികൾ പിൻവലിക്കുന്നതായി കർണാടക രക്ഷണ വേദികെ പിന്നീട് അറിയിച്ചിട്ടുണ്ട്.
Key Words : Sonu Nigam, Bengaluru, Sonu Nigam

COMMENTS