ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതി...
ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ, തുറന്ന കത്തുമായി മുൻ ജഡ്ജിമാർ രംഗത്ത്. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരുൾപ്പെടെ 42 മുൻ ജഡ്ജിമാർ ഒപ്പിട്ട തുറന്ന കത്താണ് പുറത്തുവിട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങളോടെ ആസൂത്രിതമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് കത്തിൽ ജഡ്ജിമാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യതയും സ്വാതന്ത്ര്യവും തകർക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
'വോട്ട് മോഷണം' ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ കോടതികളിൽ ഉന്നയിച്ച് തെളിയിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭത്തിനായി വാർത്താസമ്മേളനങ്ങളിൽ മാത്രമാണ് ഉന്നയിക്കപ്പെടുന്നത്. ഇത്തരം ആരോപണങ്ങൾക്ക് ഔദ്യോഗികമായി മൊഴിയോ തെളിവോ നൽകാൻ ആരും തയ്യാറാകുന്നില്ലെന്നും കത്തിൽ വിമർശനമുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെങ്കിലും, അവിടുത്തെ അധികാരികളെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് മുൻ ജഡ്ജിമാർ വ്യക്തമാക്കുന്നു. മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകൾ നീക്കം ചെയ്ത് കൃത്യമായ വോട്ടർപട്ടിക ഉറപ്പാക്കാനുള്ള നിയമപരമായ നടപടിയാണ് എസ്.ഐ.ആർ എന്നും കത്തിൽ ജഡ്ജിമാർ പിന്തുണ അറിയിച്ചു.
അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ മുന്നണി നേതാക്കൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോവുകയാണ്. ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.
Key Words : SIR, Gyanesh Kumar, Constitutional Institutions, Chief Electoral Officer


COMMENTS