മസ്കറ്റ് / ന്യൂഡൽഹി: ഒമാൻ തീരത്തെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും മിസൈൽ ആക്രമണം. പനാമ രജിസ്ട്രേഷനുള്ള ...
മസ്കറ്റ് / ന്യൂഡൽഹി: ഒമാൻ തീരത്തെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും മിസൈൽ ആക്രമണം. പനാമ രജിസ്ട്രേഷനുള്ള 'എം.ടി ഓൺ പീസ്' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ നാവികർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പരുക്കേറ്റു. ഒക്ടോബർ 6-നാണ് അന്താരാഷ്ട്ര സമൂഹത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ആകെ 19 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേരും ഇന്ത്യൻ പൗരന്മാരാണ്. പരുക്കേറ്റ ജീവനക്കാരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണ വിവരം അറിഞ്ഞയുടൻ ഒമാൻ കോസ്റ്റ് ഗാർഡും സുരക്ഷാസേനയും ചേർന്ന് കപ്പലിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഒമാനിലെ ഖസബിൽ എത്തിച്ച പരുക്കേറ്റ നാവികർക്ക് അവിടെ അടിയന്തിര വൈദ്യസഹായവും വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കി വരികയാണ്.
അന്താരാഷ്ട്ര കപ്പൽ ചാനലുകൾക്ക് നേരെ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി.
വാണിജ്യ കപ്പലുകൾക്കും സാധാരണക്കാരായ നാവികർക്കും നേരെയുള്ള ഇത്തരം അക്രമങ്ങൾ ഒട്ടും വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്നും ഇന്ത്യ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യാന്തര കടൽമാർഗ്ഗങ്ങളിലെ സുരക്ഷിതമായ വ്യാപാരം ഉറപ്പാക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ച ഒമാൻ സർക്കാരിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള ഊർജ്ജ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും ഈ ആക്രമണം ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഈ മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര നാവികസേനകൾ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Key Words : Missile Attack, Oman Coast, Indians, Commercial Vessel

COMMENTS