ഭരത്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ സ്റ്റോൺ ക്രഷർ യൂണിറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാന (70) ആ...
ഭരത്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ സ്റ്റോൺ ക്രഷർ യൂണിറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാന (70) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഭോണ്ട ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഭദാന, ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ സഹായി ഗഗൻ ശർമയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നിയമവിരുദ്ധ ഖനനവും പൊതുഭൂമി കയ്യേറ്റവും ആരോപിച്ച് ഭോണ്ട ഗ്രാമത്തിലെ ഒരു ക്രഷർ യൂണിറ്റിനെതിരെ പ്രദേശവാസികൾ കഴിഞ്ഞ രണ്ടാഴ്ചയായി ധർണ നടത്തിവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം അതർ സിങ് ഭദാനയും അനുയായികളും സ്ഥലത്തെത്തി ക്രഷർ യൂണിറ്റ് വീണ്ടും തുറക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സമരക്കാരുമായി വാക്കേറ്റമുണ്ടാകുകയും, ഇത് പിന്നീട് വലിയ അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
രോഷാകുലരായ ഗ്രാമീണർ വടികളും കല്ലുകളും ഉപയോഗിച്ച് ഭദാനയെയും സഹായിയെയും ക്രൂരമായി മർദ്ദിച്ചു. വിവരമറിഞ്ഞ് വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഭദാനയുടെ മരണത്തെത്തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003-ൽ രാജസ്ഥാനിലെ ബയാന മണ്ഡലത്തിൽ നിന്നാണ് ബിജെപി പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Key Words : Mining , Former BJP MLA , Rajasthan


COMMENTS